ബംഗളൂരു: മലയാളികളുൾപ്പെട്ട ലഹരി മരുന്ന് കടത്തുകേസിൽ സിനിമ മേഖലയുമായുള്ള ബന്ധം തേടി അന്വേഷണ സംഘം. റിമാൻഡിൽ കഴിയുന്ന ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി ഡി. അനിഘ (24), ഇവരുടെ കാരിയർമാരായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി റിേജഷ് രവീന്ദ്രൻ (37) എന്നിവരെ ചോദ്യം െചയ്തതിൽനിന്ന് സംഘത്തിന് സിനിമമേഖലയുമായി ബന്ധമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കണ്ടെത്തിയിരുന്നു.
അതേസമയം, അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് ന്യൂഡൽഹി, മുംബൈ, ഗോവ, ബംഗളൂരു അടക്കമുള്ള നഗരങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്. ഗോവയിലെ പ്രശസ്ത റിേസാർട്ടിലെ ഡ്രൈവറായ എഫ്. അഹമ്മദ് (30) കഴിഞ്ഞദിവസം പിടിയിലായി. കന്നഡ സിനിമാ മേഖലയിലെ പ്രമുഖരാണ് ഇയാളുടെ ഇടപാടുകാരെന്നും നേരെത്ത അറസ്റ്റിലായ അനിഘയുടെ സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്നും എൻ.സി.ബി വ്യക്തമാക്കി.
കന്നട സിനിമ മേഖലയെ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണം മലയാള സിനിമ മേഖലയിലേക്കും നീണ്ടേക്കും. അറസ്റ്റിലായ മുഹമ്മദ് അനൂപിന് മലയാള സിനിമ താരങ്ങളുമായി അടുത്ത ബന്ധമുള്ളതായാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് തെളിയിക്കുന്നത്. അനൂപിെൻറ ബംഗളൂരു കമ്മനഹള്ളിയിലെ ഹോട്ടൽ ആരംഭിക്കാൻ നടൻ ബിനീഷ് കോടിയേരി അടക്കമുള്ള സുഹൃത്തുക്കൾ സാമ്പത്തിക സഹായം നൽകിയതായി അനൂപ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുമുണ്ട്.
ആഗസ്റ്റ് 21ന് ബംഗളൂരു കല്യാൺ നഗറിലെ താമസ്ഥലത്തുനിന്ന് അനൂപ് പിടിയിലായതോടെയാണ് അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് ബംഗളൂരു പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് റിജേഷും അനിഘയും പിടിയിലായി. 96 എം.ഡി.എം.എ ഗുളികകളും 180 എല്‍.എസ്.ഡി സ്റ്റാമ്പുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ബിറ്റ്‌കോയിൻ ഇടപാടിലൂെട യു.എസ്.എ, കാനഡ എന്നിവിടങ്ങളിൽനിന്നാണ് സംഘം ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത്.
പിടിയിലായ സംഘത്തിന് കന്നട സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി നടനും സംവിധായകനുമായ ഇന്ദ്രജിത് ലേങ്കഷ് രംഗത്തുവന്നിരുന്നു. തീവ്ര ഹിന്ദുത്വ വാദികൾ വെടിവെച്ചുകൊന്ന പത്രപ്രവർത്തക ഗൗരി ലേങ്കഷിെൻറ സഹോദരനും ബി.ജെ.പി അനുഭാവിയുമാണ് ഇന്ദ്രജിത്. തുടർന്ന് ബംഗളൂരുവിലെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) ഒാഫിസിൽ ഇന്ദ്രജിത്തിനെ വിളിച്ചുവരുത്തി അഞ്ചു മണിക്കൂർ മൊഴിയെടുത്തു.
ലഹരി ഇടപാടിൽ ഉൾപ്പെട്ട 15 കന്നട സെലിബ്രിറ്റികളുടെ പേരുവിവരം ഇന്ദ്രജിത് കൈമാറിയതായാണ് വിവരം. അറസ്റ്റിലായ അനിഘയിൽനിന്നും സിനിമാ - സീരിയല്‍ രംഗത്തെ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുന്ന ഡയറിയും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.