ആർ. വീരമണിയുടെ ലൈംഗികാതിക്രമ കേസ് അവസാനിപ്പിക്കാൻ പൊലീസിന്റെ നീക്കം; പോക്സോ കോടതി ഹരജി തള്ളി
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായി ആർ. വീരമണിക്ക് (86) എതിരെയുള്ള ലൈംഗികാതിക്രമ കേസ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അവസാനിപ്പിക്കാൻ തമിഴ്‌നാട് പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും ഈ വർഷം ഫെബ്രുവരിയിൽ പോക്സോ കോടതി ആ ആവശ്യം തള്ളി.
2025 ഒക്ടോബർ 6-നാണ് വീരമണി നടത്തുന്ന ഒരു ട്രസ്റ്റിലെ സന്നദ്ധപ്രവർത്തകൻ സെൻട്രൽ ക്രൈം ബ്രാഞ്ചിൽ പരാതി നൽകുന്നത്. പ്രായമായ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ഒരു പെൻഡ്രൈവ് തിരിച്ചറിയാത്ത ഒരാൾ തനിക്ക് തന്നുവെന്നായിരുന്നു പരാതിക്കാരൻ പൊലീസിനെ അറിയിച്ചത്. എന്നാൽ വിഡിയോയിലെ ദൃശ്യങ്ങൾ തീർത്തും അവ്യക്തമായതിനാൽ പ്രതിയെ കൃത്യമായി തിരിച്ചറിയാൻ പൊലീസിന് സാധിച്ചില്ല. കൂടാതെ 2019-ലെ സർവൈലൻസ് വിഡിയോയിലെ വാട്ടർമാർക്ക് അടിസ്ഥാനമാക്കി ഇരയുടെ യഥാർത്ഥ പ്രായവും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അന്വേഷണത്തിന് മറ്റ് വഴികളില്ലാതെ വന്നതോടെ പൊലീസ് അന്വേഷണം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. എങ്കിലും പുതിയ തെളിവുകൾ ലഭിക്കുകയാണെങ്കിൽ അന്വേഷണം വീണ്ടും സജീവമാക്കാം എന്ന വ്യവസ്ഥയിലാണ് ഫയൽ മാറ്റിവെച്ചത്.
എന്നാൽ ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ പൊലീസിന്റെ രഹസ്യ അന്വേഷണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2003-ൽ തന്നെ വീരമണി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന സൂചനകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. അന്ന് ഇരയായ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കാമെന്നും, ശാന്തി എന്ന വ്യക്തി അയച്ച എസ്.എം.എസ് സന്ദേശങ്ങളിൽ നിന്ന് ഇത് വ്യക്തമാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
തുടർന്ന് ചെന്നൈയിലെ തേനാപേട്ടിലുള്ള വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. മാത്രമല്ല തെളിവുകൾ നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും അന്വേഷണത്തിൽ പുറത്തുവന്നു. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനക്കായി ഫൊറൻസിക് വകുപ്പിലേക്ക് അയച്ചിരിക്കുകയാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തിക സഹായം തേടിയെത്തുന്ന ഇത്തരം കുട്ടികളെ ശാന്തിയാണ് വീരമണിക്ക് പരിചയപ്പെടുത്തിയിരുന്നത്. ചോക്ലേറ്റുകൾ, മൊബൈൽ ഫോണുകൾ, പണം എന്നിവ നൽകി പ്രലോഭിപ്പിച്ചായിരുന്നു ഈ ചൂഷണം. ചെന്നൈയിലും പരിസരത്തുമുള്ള വീരമണിയുടെ വിവിധ വസ്തുവകകളിൽ വെച്ച് 12 നും 16 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ വർഷങ്ങളായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടികളിലേക്ക് നീങ്ങിയ പൊലീസ്, ഈ വർഷം ആഗസ്റ്റിൽ പ്രധാന കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ കൂടുതൽ ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ രഹസ്യ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തിൽ പ്രതികരിക്കാൻ ജിഎം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രൊമോട്ടർമാരും അവരുടെ നിയമസംഘവും തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

