പത്രവാഹനങ്ങളെ തടഞ്ഞ് പൊലീസ് പഞ്ചാബിൽ പലനഗരങ്ങളിലും പത്രവിതരണം വൈകി; ആപ്പിനെതിരെ പ്രതിപക്ഷം രംഗത്ത്
text_fieldsപ്രതീകാത്മക ചിത്രം
പഞ്ചാബ്: പഞ്ചാബിലെ പല നഗരങ്ങളിലും പട്ടണങ്ങളിലും ഞായറാഴ്ച രാവിലെ പത്രങ്ങൾ വൈകിയാണ് എത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി പൊലീസ് ഒരു ചെക്കിങ് കാമ്പയിൻ നടത്തി. വിവിധ സ്ഥലങ്ങളിലേക്ക് പത്രങ്ങൾ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും തടഞ്ഞുനിർത്തി പരിശോധിച്ചു. പരിശോധനകൾ രാത്രി 10 മണിക്ക് ആരംഭിച്ച് പുലർച്ചെ വരെ തുടർന്നു. മിക്ക നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും രാവിലെ പത്രങ്ങൾ കൃത്യസമയത്ത് എത്തിക്കാനും സാധിച്ചിരുന്നില്ല.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയമപരമല്ലാത്ത വസ്തുക്കൾ കടത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ പരിശോധിച്ചതെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കിയെങ്കിലും, പ്രതിപക്ഷ പാർട്ടികൾ ആപ് സർക്കാറിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞു. പഞ്ചാബിലുടനീളം പത്ര വിതരണം നിരോധിച്ചത് പത്ര സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രതാപ് സിങ് ബജ്‌വ എക്‌സിലെ ഒരു പോസ്റ്റിൽ ആരോപിച്ചു. പ്രധാനമന്ത്രി മോദി തന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെ ലക്ഷ്യമിടുന്നതുപോലെ, ആപ്പിനെ പഞ്ചാബിൽ വളർത്തിയ മാധ്യമങ്ങളെ തന്നെ ആപ് ഇപ്പോൾ പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയാണിതെന്ന് പഞ്ചാബ് ബി.ജെ.പി വർക്കിങ് പ്രസിഡന്റ് അശ്വനി ശർമ ആരോചിച്ചു. ശീഷ്മഹൽ 2 എന്ന വാർത്തയിൽ പരിഭ്രാന്തരായ ആം ആദ്മി സർക്കാർ മാധ്യമങ്ങളെ ആക്രമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങൾക്കെതിരെ ആരും എഴുതരുതെന്ന് ആഗ്രഹിക്കുന്നതിനാലാണ് സർക്കാർ പത്ര വാഹനങ്ങൾ ലക്ഷ്യമിട്ടതെന്ന് ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ അവകാശപ്പെട്ടു.
ഗസറ്റഡ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വാഹന പരിശോധന വ്യവസ്ഥാപിതവും സംഘടിതവുമായ രീതിയിലാണ് നടത്തിയതെന്ന് പഞ്ചാബ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. അതിർത്തി സംസ്ഥാനമായ പഞ്ചാബ്, അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് അനധികൃത ഡ്രോണുകൾ ഉപയോഗിച്ച് കള്ളക്കടത്ത്, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവ കടത്താൻ സാധ്യതയുണ്ടെന്ന് വക്താവ് കൂട്ടിച്ചേർത്തു. പഞ്ചാബിലെ വിവിധ ജില്ലകളിൽ പത്രങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തടഞ്ഞ പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായും ചണ്ഡീഗഢ് പ്രസ് ക്ലബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

