കങ്കണയുടെ കോലവും തട്ടിപ്പറിച്ച് പൊലീസിന്റെ ഓട്ടം; കോൺഗ്രസ് പ്രതിഷേധത്തിനിടെ നാടകീയ സംഭവം, ചിരിപടർത്തി വിഡിയോ
text_fieldsലഖ്‌നോ: കോൺഗ്രസ് പ്രതിഷേധത്തിനിടെ കത്തിക്കാൻ ശ്രമിച്ച ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിന്റെ കോലം തട്ടിപ്പറിച്ചോടി പൊലീസ് ഉദ്യോഗസ്ഥൻ. ലഖ്‌നോവിലെ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നിൽ നടന്ന പ്രകടനത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. കോലം തട്ടിപ്പറിച്ച് ഓടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച യുവാക്കളെക്കുറിച്ച് കങ്കണ റണാവത്ത് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് നാടകീയ സംഭവം. പ്ലക്കാർഡുകളേന്തി മുദ്രാവാക്യം വിളികളോടെ എത്തിയ പ്രവർത്തകർ കങ്കണയുടെ കോലത്തിന് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. തൊട്ടുപിന്നാലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ കത്തിക്കാൻ വെച്ച കോലത്തിന്റെ ഒരു ഭാഗം ബലമായി തട്ടിപ്പറിച്ച് വേഗത്തിൽ ഓടുകയായിരുന്നു. ഇത് തടയാൻ കോൺഗ്രസ് പ്രവർത്തകർ പിന്നാലെ ഓടിയെങ്കിലും ഉദ്യോഗസ്ഥൻ കോലവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തർക്കവും ഉന്തും തള്ളുമുണ്ടായി.
സംഭവത്തിന് സാക്ഷിയായവർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചക്കുകയാണ്. വിഡിയോയ്ക്ക് താഴെ രസകരമായ പ്രതികരണങ്ങളും ട്രോളുകളുമാണ് നിറയുന്നത്.
നേരത്തെ, യുവതലമുറയെ കുറിച്ചും പ്രതിഷേധങ്ങളെ കുറിച്ചും കങ്കണ നടത്തിയ പരാമർശങ്ങളാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചത്. പ്രത്യേകിച്ച് സി.ജെ.പിയുടെ വക്താക്കളിലൊരാളായ സൗരവ് ദാസിനെതിരെ കങ്കണ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അതിനെതിരെ മറുപടിയുമായി സൗരവും രംഗത്തെത്തിയിരുന്നു. കങ്കണ ഈ വിമർശനങ്ങൾക്കെതിരെ പ്രതിഷേധിച്ച് പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മഹിള കോൺഗ്രസ് തെരുവിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

