ജഡ്ജിയുടെ വസതിയിലെ സ്റ്റോർ റൂമിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ജഡ്ജിയുടെ വസതിയിലെ സ്റ്റോർ റൂമിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നെന്ന് പൊലീസ്, അഗ്നി സംരക്ഷണ സേനാംഗങ്ങൾ. വിഷയമന്വേഷിക്കാൻ സുപ്രീംകോടതി നിയമിച്ച മൂന്നംഗസമിതിക്ക് മുന്നിലാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ഡൽഹി അഗ്നിരക്ഷാ സേന മേധാവി അതുൽ ഗാർഗും ഡൽഹി പൊലീസ് കമീഷണർ സഞ്ജയ് അറോറയും വിവരം സമിതിക്ക് മുന്നിൽ സ്ഥിരീകരിച്ചതായാണ് വിവരം.
പണം പിടിച്ചെടുക്കാൻ നടപടിയുണ്ടാവാഞ്ഞതെന്തെന്ന് സമിതി ചോദിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പണം പിടിച്ചെടുക്കാനാകില്ലെന്ന് പൊലീസ് സമിതിയെ അറിയിച്ചു. ഇതിനു നിയമപരമായി നിലനിൽക്കുന്ന തടസ്സങ്ങളും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അന്വേഷണ സമിതിയുടെ മൊഴിയെടുക്കലിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. തീപിടിത്തത്തിൽ ചാക്കുകെട്ടുകളിലുണ്ടായ പണം കത്തി നശിച്ചു. ഇതിന്റെ വിഡിയോ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തിയിരുന്നു. എന്നാൽ, വിഡിയോ തെറ്റായ കൈകളിൽ എത്താതിരിക്കാനായി ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അവ ഡിലീറ്റ് ചെയ്തെന്നും ഉദ്യോഗസ്ഥർ മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ.
വിഷയത്തിൽ യഥാക്രമം നടപടിക്രമങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആദ്യമെത്തിയ പൊലീസുകാർ വിഷയം മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. തുടർന്ന്, ചീഫ് ജസ്റ്റിസിനെയും വിവരം അറിയിച്ചിരുന്നെന്നും മൊഴിയിലുണ്ട്.
മാർച്ച് 14ന് ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വർമയുടെ ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണക്കാൻ എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പിന്നാലെ, ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈകോടതിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

