ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞുകൊന്നു; 19കാരിക്കെതിരെ കേസെടുത്ത് പൊലീസ്
text_fieldsഹൈദരാബാദ്: കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ വെച്ച് പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ 19കാരിയായ വിദ്യാർത്ഥിനിക്കെതിരെ പൊലീസ് കേസെടുത്തു. ഗോൽക്കൊണ്ട പൊലീസാണ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ഹോസ്റ്റലിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ മുകൾത്തട്ടിൽ ഒരു നവജാത ശിശു മരിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട കോളേജ് പ്രിൻസിപ്പൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ജൂൺ 23 പുലർച്ചെ 4:30-ഓടെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനി വാഷ്റൂമിലേക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി.
പ്രിൻസിപ്പൽ നടത്തിയ ചോദ്യം ചെയ്യലിൽ താൻ ഗർഭിണിയായിരുന്നുവെന്നും പുലർച്ചെ പ്രസവിച്ചുവെന്നും വിദ്യാർത്ഥിനി സമ്മതിച്ചു. വാഷ്റൂമിൽ വെച്ച് ആൺകുഞ്ഞിനെ പ്രസവിച്ച ശേഷം കുഞ്ഞിനെ ഒരു ബക്കറ്റിലാക്കി മുറിയിലേക്ക് കൊണ്ടുവരികയും തുടർന്ന് വാഷ്റൂമിനോട് ചേർന്നുള്ള ജനലിലൂടെ താഴേക്ക് എറിയുകയുമായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
വിദ്യാർത്ഥിനി ഒരു ബന്ധുവുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിലൂടെയാണ് ഗർഭിണിയായതെന്നും പൊലീസ് സംശയിക്കുന്നു. എന്നാൽ തങ്ങളുടെ മകൾ ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കൾ മൊഴി നൽകി. നിലവിൽ മെഡിക്കൽ പരിശോധനക്കായി വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിത പ്രകാരം കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഗോൽക്കൊണ്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

