കന്നുകാലി മോഷണം തടഞ്ഞ എസ്.ഐയെ വെട്ടിക്കൊന്നു
text_fieldsചെന്നൈ: തമിഴ്നാട്ടില്‍ കന്നുകാലി മോഷണം തടഞ്ഞ പൊലീസ് ഓഫീസറെ വെട്ടി കൊലപ്പെടുത്തി. തിരുച്ചി നവല്‍പ്പെട്ട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നവല്‍പ്പെട്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ വളർത്തു മൃഗങ്ങളെയും കന്നുകാലികളെയും ആടുകളെയും കടത്തിക്കൊണ്ടുപോകൽ പതിവാണ്. ഞായറാഴ്ച പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ ബൈക്കില്‍ ചിലര്‍ ആടിനെ കടത്തിക്കൊണ്ടുപോകുന്നത് കണ്ടു. തുടര്‍ന്ന് പൊലീസ് ഓീസർ ഇവരെ ബൈക്കില്‍ പിന്തുടര്ന്നു.
പള്ളത്തുപള്ളി ഗ്രാമത്തിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ പൊലീസുകാരനെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ശരീരത്തിൽ നിരവധി വെട്ടുകൾ ഏറ്റിട്ടുണ്ട്. മരണം ഉറപ്പാക്കിയ ശേഷം റെയിൽ ട്രാക്കിൽ മൃതദേഹം ഉപേക്ഷിച്ചാണ് അക്രമി സംഘം മടങ്ങിയത്. രാവിലെ ട്രാക്കിലൂടെ എത്തിയ പ്രദേശവാസികളാണ് എസ്.ഐയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സമീപവാസികള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികൾക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് നിലവിൽ അന്വേഷണം.

