മധ്യപ്രദേശിൽ 12 വർഷംകൊണ്ട് പൊലീസുദ്യോഗസ്ഥൻ വെറുതെയിരുന്ന് വാങ്ങിയത് 28 ലക്ഷം രൂപ
text_fieldsഭോപ്പാൽ: അധികൃതരുടെ അനാസ്ഥയും സംവിധാനങ്ങളുടെ പരാജയവും മൂലം മധ്യപ്രദേശിൽ ഒരു പൊലീസുദ്യോഗസ്ഥൻ ജോലിയൊന്നും ചെയ്യാതെ 12 വർഷം കൊണ്ട് വാങ്ങിയത് 28 ലക്ഷം രൂപ. വിദിഷയിലാണ് വിവാദ സംഭവം നടക്കുന്നത്.
2011ലാണ് ഭോപ്പാൽ പൊലീസ് ലൈനിലേക്ക് ഇയാൾ കോൺസ്റ്റബിളായി നിയമിതനാകുന്നത്. ചേർന്നയുടൻ തന്നെ പരിശീലനത്തിനായി സാഗർ പൊലീസ് പരിശീലന കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചു. എന്നാൽ പരിശീലന ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാതെ അയാൾ വിദിഷയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അസിസ്റ്റന്‍റ് കമീഷണർ അങ്കിത ഖത്തേർക്കർ പറഞ്ഞു. അവധിയെടുക്കുന്ന വിവരം മേലധികാരികളെ അറിയിക്കുന്നതിനു പകരം അയാൾ തന്‍റെ സർവീസ് റെക്കോഡ് ഭോപ്പാൽ പൊലീസ് ലൈനിന് അയക്കുകയായിരുന്നു. ഇയാൾ നേരിട്ടെത്താതെ അയച്ച ഫയൽ യാതൊരുവിധ പരിശോധനയും കൂടാതെ സ്വീകരിക്കുകയും ചെയ്തു.
പരിശീലന സമയത്ത് ഇയാളുടെ അസാന്നിധ്യം ആരും ശ്രദ്ധയിൽപ്പെടുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല. മാസങ്ങൾ കടന്നു, ദിവസങ്ങൾ കടന്നു പക്ഷേ കോൺസ്റ്റബിൾ ജോലിയിൽ പ്രവേശിക്കാനെത്തിയില്ല. 2011 കോൺസ്റ്റബിൾ ബാച്ചിന്‍റെ ഗ്രേഡിൽ മൂല്യ നിർണയം നടത്താൻ 2023ൽ തീരുമാനിക്കുമ്പോൾ മാത്രമാണ് അസാധാരണ സംഭവം ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ ആഭ്യന്തര അന്വേഷണത്തിലൊന്നും ആരാണ് ഈ കോൺസ്റ്റബിൾ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒടുവിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ താൻ മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നതുകൊണ്ടാണ് ഇത്രയും നാൾ ജോലിയിൽ പ്രവേശിക്കാതിരുന്നതെന്ന് അയാൾ പറഞ്ഞതായി എ.സി.പി വ്യക്തമാക്കി. വാദത്തെ പിന്തുണക്കുന്ന രേഖകളും സമർപ്പിച്ചു.
ജോലിയിൽ പ്രവേശിക്കാതിരുന്നിട്ടും റെക്കോഡുകളിൽ അയാളുടെ പേരുണ്ടായിരുന്നതുകൊണ്ട് എല്ലാ മാസവും കൃത്യമായി ശമ്പളം ലഭിക്കുമായിരുന്നു. പൊലീസിലെ നിയമങ്ങളെക്കുറിച്ച് താൻ അജ്ഞനായിരുന്നുവെന്നും അതുകൊണ്ടാണ് തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അധികൃതരെ അറിയിക്കാതിരുന്നതെന്നുമാണ് കോൺസ്റ്റബിൾ വാദിച്ചത്.
നിലവിൽ 1.5 ലക്ഷം തിരിച്ചടച്ച കോൺസ്റ്റബിൾ ഇനിയുള്ള ശമ്പളത്തിൽ നിന്ന് ബാക്കി തുക തിരിച്ചടക്കാമെന്നും പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൽ നടന്നു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധമായി കൈകാര്യം ചെയ്ത അധികാരികൾക്കെതിരെയും നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

