അസമിൽ നടന്നത് പൊലീസ് നരനായാട്ട്
text_fieldsപൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ
ഗുവാഹതി: കുടിയൊഴിപ്പിക്കലിെൻറ പേരിൽ അസമിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത. അനധികൃത കൈയേറ്റക്കാർ എന്ന് ആരോപിച്ചാണ് പൊലീസ് 800ലധികം വീടുകൾ ഒഴിപ്പിക്കാനെത്തിയത്. പ്രതിഷേധിച്ച ജനങ്ങൾക്കുനേരെ പൊലീസ് വെടിയുതിർത്തതിൽ രണ്ടു ജീവനുകളാണ് നഷ്ടമായത്. പത്തു പേർക്ക് പരിക്കേറ്റു. നെഞ്ചിൽ വെടിയേറ്റു മരിച്ചുവീണ ആളുടെ ദേഹത്തുകയറി ചവിട്ടിമെതിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറംലോകം കണ്ടത്. പ്രതിഷേധ ദൃശ്യങ്ങൾ പകർത്താനെത്തിയ ജില്ല ഭരണകൂടത്തിെൻറ ഫോേട്ടാഗ്രാഫറാണ് മരിച്ചയാളുടെ ദേഹത്തു കയറിനിന്ന് ചവിട്ടിയത്. ദരങ് ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്.
ബംഗാളി സംസാരിക്കുന്ന മുസ്ലിംകൾ കൂടുതലായി താമസിക്കുന്ന സിപാജർ റവന്യൂ സർക്കിളിനു കീഴിലെ ധോൽപുർ ഗ്രാമത്തിലായിരുന്നു കുടിയൊഴിപ്പിക്കൽ. ഇവിടെ സർക്കാർ ഭൂമി കൈയേറി എന്നാണ് അധികൃതർ പറയുന്നത്. 1500 പൊലീസുകാരുടെ മേൽനോട്ടത്തിൽ 14 മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീടുകൾ പൊളിക്കാൻ തുടങ്ങിയത് പ്രതിരോധിച്ച പ്രദേശവാസികളെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. പ്രതിഷേധത്തെ അടിച്ചമർത്തി നാലു പള്ളികൾ അടക്കം ഇവിടെ പൊളിച്ചുമാറ്റി. 1970 മുതൽ തങ്ങൾ ഇവിടെ താമസിക്കുന്നവരാണെന്നും എവിടേക്ക് പോകാനാണെന്നും പ്രദേശവാസികൾ ചോദിക്കുന്നു.
സെപ്റ്റംബർ 18നാണ് കടകൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചതെന്ന് നമ്പർ മൂന്ന് ധോൽപുർ ഗ്രാമത്തിലെ താമസക്കാരനും കടയുടമയുമായ മിർ സിറാജുൽ ഹഖ് (47) പറയുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ 22 കടകൾ പൊളിച്ചുമാറ്റി. കോവിഡ് പകർച്ചവ്യാധിയുടെ നടുവിൽ ഞങ്ങൾ എവിടെ പോകും -സിറാജുൽ ഹഖ് ചോദിക്കുന്നു. എന്നാൽ, സമാധാനപൂർവം നടന്ന ഒഴിപ്പിക്കലിെൻറ അവസാനം പ്രതിഷേധക്കാർ കല്ലുകളും മുളകളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായി പൊലീസ് മേധാവി ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെ നിയമിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. മൃതദേഹത്തിനുമേൽ കയറി ചവിട്ടിമെതിച്ച ഫോേട്ടാഗ്രാഫർ സർക്കാർ ജീവനക്കാരനാണെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.കൈയേറ്റക്കാരെ ഒഴിപ്പിച്ച് പ്രദേശത്ത് പുതിയ കാർഷിക പദ്ധതി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു.