Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോപുലർ ഫ്രണ്ട് പ്രവർത്തകരെയും പിന്തുണക്കുന്നവരെയും നിരീക്ഷിക്കണം; സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി

text_fields
bookmark_border
ഡൽഹിയിലെ ശഹീൻ ബാഗിലും ഓഖ്ലയിലും രണ്ട് മാസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
popular front
cancel

ന്യൂഡൽഹി: പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന്‍റെ ഭാഗമായുള്ള തുടർനടപടികൾക്ക് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംഘടനയുടെ പ്രവർത്തകരെയും പിന്തുണക്കുന്നവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

നിരോധിച്ച സംഘടനകളുടെ ഓഫിസുകൾ സീൽ ചെയ്യണമെന്നും പോപുലർ ഫ്രണ്ടിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ, ഡൽഹിയിലെ ശഹീൻ ബാഗിലും ഓഖ്ലയിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടു മാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാർഥികളും അധ്യാപകരും കാമ്പസുകളിലോ പുറത്തോ സംഘടിക്കരുതെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഡൽഹിയിലെ കാമ്പസുകളിൽ പോപുലർ ഫ്രണ്ടിന്‍റെ വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിന് വളരെയധികം പ്രവർത്തകരുള്ളതിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകൾ പൊലീസ് നിരീക്ഷണത്തിലാക്കി. വൻ പൊലീസ് സന്നാഹമാണ് ഓഫിസുകൾക്ക് മുമ്പിൽ ക്യാമ്പ് ചെയ്യുന്നത്. ഓഫിസുകൾ സീൽ ചെയ്യുന്നതിന് മുന്നോടിയായാണ് പൊലീസ് നടപടിയെന്നാണ് വിവരം.

നിരോധനത്തിന് പിന്നാലെ പോപുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനരഹിതമായിട്ടുണ്ട്.

രാജ്യത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ പ്രവർത്തനം നിരോധിച്ചുള്ള വിജ്ഞാപനം ഇന്ന് രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ പോപുലർ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.

രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലർച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭീകരപ്രവർത്തനത്തിൽ നേരിട്ട് ബന്ധം, ഫണ്ട് സ്വരൂപണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നിരോധനത്തിനായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police monitoring of popular front offices; Central instructions to the states for further action
Next Story