ഹൈദരാബാദിലെ കഫേയിൽ ചായകുടിക്കാൻ വന്നവരുടെ ഫോൺ പരിശോധിച്ച സംഭവത്തിൽ ന്യായീകരണവുമായി പൊലീസ്; സൈബർ കുറ്റകൃത്യങ്ങൾ തടയാനെന്ന് വിശദീകരണം
text_fieldsഹൈദരാബാദ്: കഫേയിൽ ചായ കുടിച്ചിരുന്നവരുടെ ഫോൺ പൊലീസ് പരിശോധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഹൈദരാബാദ് പൊലീസ്. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നാണ് പൊലീസിന്റെ ന്യായീകരണം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന വ്യാപക വിമർശനത്തെ തുടർന്നാണ് പൊലീസ് വിശദീകരണം നൽകാൻ തയ്യാറായത്. ജൂലൈ 25നാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ചില വ്യക്തികളെ മാത്രം പ്രത്യേകം തെരഞ്ഞെടുത്ത് ഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും പരിശോധനയ്ക്കായി കൈമാറാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനെതിരെ പൗരാവകാശ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിയായ ഗവേഷകൻ ശ്രീനിവാസ് കൊടാലി ഉൾപ്പെടെയുള്ളവർ സ്വകാര്യതയുടെ ലംഘനമാണെന്നും നിയമവിരുദ്ധ നിരീക്ഷണമാണെന്നും ചൂണ്ടിക്കാട്ടി.
തുടർന്നാണ് വിശദീകരണവുമായി ചാദർഘട്ട് പൊലീസ് രംഗത്തെത്തിയത്. അനധികൃത ബെറ്റ് ആപ്പുകൾ, സൈബർ തട്ടിപ്പുകൾ, ഓൺലൈൻ സാമ്പത്തിക വഞ്ചന തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനാണ് പരിശോധനയെന്നാണ് പൊലീസിന്റെ വാദം. പൗരന്മാരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്നും വ്യക്തിഗത ഫോട്ടോകളോ സ്വകാര്യ ചാറ്റുകളോ അല്ല പരിശോധിച്ചതെന്നും പൊലീസ് പ്രസ്താവനയിൽ പറയുന്നു.
എങ്കിലും, പരിശോധനയ്ക്കുള്ള നിയമപരമായ അടിത്തറ എന്താണെന്നോ, പരിശോധനയ്ക്ക് മുമ്പ് വാറന്റുകൾ നൽകിയിട്ടുണ്ടോ എന്നോ, വ്യക്തികളെ പ്രത്യേകമായി തെരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നോ പൊലീസ് വ്യക്തമാക്കീട്ടില്ല. സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി 'നല്ല ഉദ്ദേശ്യത്തോടെ' നടത്തുന്ന പ്രതിരോധ നടപടികളുടെ ഭാഗമാണ് ഫോൺ പരിശോധനയെന്നാണ് ചാദർഘട്ട് എസ്.എച്ച്.ഒ. ബ്രഹ്മ മുരാരി കസാനിയുടെ വിശദീകരണം.
കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ പേരിൽ പൗരന്മാരുടെ ഫോണുകൾ പരിശോധിക്കുകയും ചില അവസരങ്ങളിൽ ഫോട്ടോകളും വിരലടയാളങ്ങളും ശേഖരിക്കുകയും ചെയ്യുന്ന രീതി ഹൈദരാബാദ് പൊലീസിൽ മുൻപും ഉണ്ടായിരുന്നു. മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനായി യുവാക്കളുടെ വസ്ത്രവും മുടിയും മാത്രം കണ്ട് അവരെ തടഞ്ഞുനിർത്തി ഫോണും വാഹനവും പരിശോധിക്കുന്നതായും പരാതികളുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ നിരീക്ഷണങ്ങളുള്ള നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. ഉയർന്ന സി.സി.ടി.വി. നിരീക്ഷണവും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗവും ഇവിടെ നിലവിലുണ്ട്. ഏകദേശം പത്ത് ലക്ഷത്തോളം സി.സി.ടി.വി. ക്യാമറകളുടെ വിപുലമായ ശൃംഖലയും എ.ഐ. അധിഷ്ഠിത സമൂഹമാധ്യമ ട്രാക്കിംഗും തെലങ്കാന സ്റ്റേറ്റ് പൊലീസ് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് കീഴിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

