കഞ്ചാവ് കടത്ത് സംഘം ആക്രമിച്ച പൊലീസ് ഇൻസ്പെക്ടറുടെ നില ഗുരുതരം
text_fieldsrepresentational image
ബംഗലൂരു: മുപ്പതംഗ കഞ്ചാവ് കടത്ത് സംഘത്തിന്‍റെ ആക്രമണത്തിൽ പൊലീസ് ഇൻസ്പെക്ടർക്ക് ഗുരുതര പരിക്ക്.പരിക്കേറ്റ ഇൻസ്പെക്ടർ ശ്രീമന്ത് ഇല്ലൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും കലബുറഗി പൊലീസ് സൂപ്രണ്ട് ഇഷ പന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.അതേസമയം, ആവശ്യമെങ്കിൽ ഇല്ലലിനെ എയർലിഫ്റ്റ് ചെയ്ത് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ഡി.ജി.പി പ്രവീൺ സൂദ് അറിയിച്ചു. കർണാടക-മഹാരാഷ്ട്ര അതിർത്തിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
മഹാരാഷ്ട്രയിൽ നിന്ന് 200 കിലോയോളം കഞ്ചാവ് കർണാടകയിലേക്ക് കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് രാത്രിയോടെ 10 പൊലീസുകാരോടൊപ്പം ഇൻസ്പെക്ടർ ഇല്ലൽ അതിർത്തിയിലെത്തി. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ 30 ഓളം പേരടങ്ങുന്ന സംഘം ഇൻസ്പെക്ടറേയും സംഘത്തെയും ആക്രമിക്കുകയായിരുന്നു.
ആക്രമണം രൂക്ഷമായതോട മറ്റ് പൊലീസുകാർ ഓടിരക്ഷപ്പെട്ടു. ഇതോടെ തനിച്ചായ ഇൻസ്പെക്ടറെ അക്രമിസംഘം ക്രൂരമായി മർദിച്ച് കടന്നുകളഞ്ഞു. വാരിയെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ഒസ്മാമാബാദ് പൊലീസ് സൂപ്രണ്ടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും എസ്.പി ഇഷ പന്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

