എം.പിക്കെതിരെ ഹണിട്രാപ്പ് ഒരുക്കിയ യുവതിയെ തിരിച്ചറിഞ്ഞു
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പി എം.പിയെ ഹണിട്രാപ്പിൽപെടുത്തിയ യുവതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. യുവതിയും സംഘവും ഗുജറാത്തിലെ വൽസാദ് മണ്ഡലത്തിലെ എം.പിയായ കെ.സി പേട്ടലിനെ ഹണിട്രാപ്പിൽ പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തകയും ചെയ്യുകയായിരുന്നു. എം.പിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് യുവതിയുടെ വസതിയിൽ റെയ്ഡ് നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. യുവതിയെയും സംഘത്തെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
സഹായം ചോദിച്ചെത്തിയ തന്നെ എം.പി ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് യുവതി നേരത്തെ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. മാർച്ച് മൂന്നിന് അത്താഴവിരുന്നിന് ഒൗദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച എം.പി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
എന്നാൽ, യുവതിയും സംഘവും തന്നെ ‘ഹണി ട്രാപ്പി’ൽ പെടുത്തിയ ശേഷം അഞ്ചു കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന പരാതിയുമായി എം.പി രംഗെത്തായിരുന്നു. അന്വേഷണത്തിൽ പാർലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയിരുന്നു.
ചതിയിൽ പെടുത്തി നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകർത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായാണ് എം.പിയുടെ പരാതി.
