പ്രതിഷേധത്തിനിടയിലും പൗരത്വ സമരക്കാര്‍ക്കായി പൊലീസ് വേട്ട
text_fieldsന്യൂഡല്‍ഹി: സംഘ്പരിവാര്‍ ആസൂത്രണത്തില്‍ നടന്ന ഡല്‍ഹി വര്ഗീയാക്രമണത്തിെൻറ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടയിലും പൗരത്വ സമരക്കാരെ വേട്ടയാടുന്ന നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട്. ഡല്‍ഹി വര്‍ഗീയാക്രമണം അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ജാമിഅ മില്ലിയയിലെ കൂടുതല്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാന്‍ വിളിച്ചു. പൗരത്വ സമര സംഘാടകരായ ജാമിഅ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം മുഹമ്മദ് തസ്ലീമിനെ ജാമിഅ നഗര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ലോക്ഡൗണിനിടയില് വിളിപ്പിച്ചത്.
ബിഹാറിലെ വെസ്റ്റ് ചമ്പാരണില്നിന്നുള്ള 26കാരനായ തസ്ലീം, രണ്ടാം വര്‍ഷ എം.എ ഇൻറർനാഷനല്‍ റിലേഷന്‍സ് വിദ്യാര്‍ഥിയാണ്. ‘ജാമിഅ വേള്‍ഡ്’ എന്ന തെൻറ ഫേസ്ബുക്ക്, യൂട്യൂബ് ചാനലിലൂടെ പൗരത്വ സമരം റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ആറുവരെ ഡല്‍ഹിയില്‍ ഇല്ലാതിരുന്ന തന്നെയാണ് ഫെബ്രുവരി 23 മുതല്‍ 26 വരെ നടന്ന വര്ഗീയാതിക്രമണത്തെ കുറിച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് തസ്ലീം പറഞ്ഞു. ജാമിഅയില്‍നിന്ന് മറ്റു വിദ്യാര്‍ഥികളെയും വിളിപ്പിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചിട്ടുണ്ട്. ജാമിഅ പൂര്‍വ വിദ്യാര്‍ഥി യൂനിയന്‍ ട്രഷറര്‍ അരീബിനെയും ചോദ്യം ചെയ്തു. ജാമിഅ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയിലെ എസ്.ഐ.ഒ പ്രതിനിധി ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ കഴിഞ്ഞ മാസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
വര്‍ഗീയാക്രമണ കേസിന് പുറമെ ജാമിഅ മില്ലിയയിലെ സംഘര്‍ഷത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. പ്രതിഷേധവുമായി കൂടുതല്‍ പേര് രംഗത്തുവന്നു. ഗര്‍ഭിണിയായ സഫൂറ സര്‍ഗറിനെ ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലിട്ടതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ശശി തരൂരിന് പുറമെ കേരളത്തില്‍നിന്നുള്ള എം.പിമാരായ എം.കെ. രാഘവനും ഇ.ടി മുഹമ്മദ് ബഷീറും പ്രതിഷേധിച്ചു. പ്രമുഖരായ 300 ആക്ടിവിസ്റ്റുകളും ഡല്‍ഹി പൊലീസിനെതിരെ സംയുക്ത പ്രസ്താവനയിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
