മണിപ്പൂർ സംഘർഷം: സ്കൂളിൽനിന്നും കുകി വിദ്യാർഥികളെ ഒഴിപ്പിച്ച് പൊലീസ്
text_fieldsഇംഫാൽ: മണിപ്പൂരിലെ സംഘർഷത്തെ തുടർന്ന് 51 കുകി വിദ്യാർഥികളെ സ്കൂളിൽ നിന്നും ഒഴിപ്പിച്ച് പൊലീസ്. കുകി - നാഗ വിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ക്രമസമാധാനനില കണക്കിലെടുത്താണ് ഇത്തരമൊരുനീക്കം. അതേസമയം, ഒഴിപ്പിക്കലിനിടെ ചിലർ വിദ്യാർഥികളെ അക്രമികളായി തെറ്റിദ്ധരിച്ചു. തുടർന്ന് സിവിൽ സൊസൈറ്റി സംഘടനങ്ങളുടെ പരിശ്രമത്തിന്‍റെ ഫലമായാണ് വിദ്യാർഥികളെ സുരക്ഷിതമായി മാറ്റാന്‍ കഴിഞ്ഞത്.
ഉഖ്രുൽ ജില്ലയിലെ ജവഹർ നവോദയ വിദ്യാലയ (ജെ.എന്‍.വി) രാംവ സ്കൂളിലെ 51 വിദ്യാർഥികളെ ജില്ല പൊലീസ് ഒഴിപ്പിച്ച് കാങ്പോക്പി ജില്ലയിലെ ജെ.എൻ.വിയിലേക്ക് കൊണ്ടുപോകുന്നതിനായി സൈകുൽ പൊലീസ് സ്റ്റേഷൻ സംഘത്തിന് കൈമാറിയെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. എല്ലാ സമുദായങ്ങളും സംയമനം പാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.
ഷാങ്‌ഷാക്ക്, രാംവ, ഷോക്വാവോ, ടി.എം കാസോം, എസ്. ലാഹോ തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമവാസികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ സിവിൽ സൊസൈറ്റി സംഘടനകൾ നടത്തിയ ശ്രമങ്ങളാണ് വിദ്യാർഥികളെ സുരക്ഷിതമായി മാറ്റാന്‍ സഹായിച്ചതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ഉഖ്രുൽ ജില്ലയിലെ ലിതാന്‍ സരേയ്ഖോങ് മേഖലയിലുണ്ടായ സംഘർഷത്തിൽ മുപ്പതോളം വീടുകളാണ് അഗ്നിക്കിരയായത്. ഒരാഴ്ചയിലേറെയായി മേഖല സംഘർഷത്തിൽ പുകയുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

