യു.പിയിലെ സംഭലിൽ മുസ്‌ലിം ശ്മശാനം പൊളിച്ചുനീക്കി പൊലീസ്; അനധികൃത ഭൂമിയെന്ന് സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
ലഖ്‌നൗ: ഉത്തർപ്രദേശിലെ സംഭലിൽ അനധികൃതമായി കയ്യേറിയെന്നാരോപിച്ച് ശ്മശാനം പൊളിച്ചു നീക്കി. മണ്ഡി കിഷൻദാസ് പ്രദേശത്തെ മുസ്‌ലിം ശ്മശാനമാണ് കയ്യേറ്റ ഭൂമിയെന്നാരോപിച്ച് ഉത്തർപ്രദേശ് സർക്കാർ പൊളിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് സർക്കാർ ശ്‌മശാനം ബുൾഡോസറുകൾ വെച്ച് തകർത്തത്. ഇത് പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കി.
പതിറ്റാണ്ടുകളായി ശ്മശാനം നിലവിലുണ്ടെന്ന് പ്രദേശവാസികൾ അവകാശപ്പെടുമ്പോൾ, ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും നിയമപരമായ അനുമതിയില്ലാതെ രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും ഭൂമി സ്വന്തമാക്കാനുള്ള രേഖകൾ വ്യാജമായി നിർമിച്ചതാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതി ലഭിച്ചതിനെത്തുടർന്നാണ് സർക്കാർ ഇതിൽ ഇടപെടുന്നത്. സംഭവത്തിൽ ഇരു കക്ഷികളുടെയും വാദം കേട്ടു. നിയമപരമായി നോക്കിയാൽ രേഖയില്ലാത്ത സർക്കാർ ഭൂമിയിലാണ് ശ്മശാനം നിലനിൽക്കുന്നതെന്ന് തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിങ് വ്യക്തമാക്കി. പൊളിക്കൽ സംബന്ധിച്ച റിപ്പോർട്ട് ജില്ലാ മജിസ്ട്രേറ്റിന് സമർപ്പിക്കുമെന്നും വ്യാജരേഖ ചമച്ചതായി ആരോപിക്കപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാൽ ഔദ്യോഗികമായി ആരുംതന്നെ ശ്മശാനം പൊളിച്ചതിനെതിരെ രംഗത്തെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

