എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജചിത്രം; പൊലീസ് ദമ്പതികൾ സർവീസിൽ നിന്ന് പുറത്ത്
text_fieldsപുനെ: എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് വരുത്തിതീർക്കാൻ വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലീസ് ദമ്പതികളെ സർവീസിൽ നിന്ന് പുറത്താക്കി. പുനെ പൊലീസിലെ കോൺസ്റ്റബിൾമാരായ ദിനേശ് റാത്തോഡിനെയും തർകേശ്വരി റാത്തോഡിനെയും ആണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് പിരിച്ചുവിട്ടത്.

കഴിഞ്ഞ വർഷം മേയിലാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന തരത്തിലുള്ള ചിത്രങ്ങൾ ദമ്പതികൾ പുറത്തുവിട്ടത്. എന്നാൽ, ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നൽകി. തുടർന്ന് സമിതി നൽകിയ അന്വേഷണത്തിൽ മോർഫ് ചെയ്ത ചിത്രങ്ങളാണെന്ന് കണ്ടെത്തി, ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

കൊടുമുടി കീഴടക്കിയെന്ന തരത്തിലുള്ള മോർഫ് ചെയ്ത ചിത്രമാണ് ദമ്പതികൾ പ്രചരിപ്പിച്ചത്. തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിന് ഇത് ഇടയാക്കി. പൊലീസ് ദമ്പതികളുടെ പ്രവൃത്തി മഹരാഷ്ട്ര പൊലീസിന് അപകീർത്തിക്ക് ഇടയാക്കിയെന്നും അഡീഷണൽ പൊലീസ് കമീഷണർ (അഡ്മിനിസ്ട്രേഷൻ) സഹേബ്ര പാട്ടീൽ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂണിലാണ് എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ദമ്പതികളാണെന്ന് അവകാശവാദവുമായി ദിനേശും തർകേശ്വരിയും രംഗത്തുവന്നത്. എന്നാൽ, ഇവരുടെ വാദം തെറ്റാണെന്ന് പ്രാദേശിക പര്‍വ്വതാരോഹകർ വ്യക്തമാക്കി. തുടർന്ന് ആഗസ്റ്റിൽ നേപ്പാൾ സർക്കാർ ദമ്പതികളെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് 10 വർഷത്തേക്ക് വിലക്കി. ഈ പശ്ചാത്തലത്തിലാണ് പുനെ പൊലീസ് വിശദാംശങ്ങൾ തേടി നേപ്പാളി സർക്കാറിന് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
