'ഭോപ്പാലികൾ സ്വവർഗാനുരാഗികൾ'; കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരെ പരാതി
text_fieldsന്യൂഡൽഹി: ഭോപ്പാലികൾ സ്വവർഗാനുരാഗികളാണെന്ന വിവാദ പരാമർശത്തിൽ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരെ പൊലീസിൽ പരാതി. 27കാരനായ പി.ആർ മാനേജർ രോഹിത് പാണ്ഡെയാണ് അഗ്നിഹോത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ വെർസോവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവേകിന്‍റെ വിവാദ പരാമർശം. 'ഞാൻ ഭോപ്പാലിൽനിന്നാണ് വരുന്നത്. പക്ഷേ, ഭോപ്പാലിയല്ല. കാരണം ഭോപ്പാലിക്ക് വ്യത്യസ്തമായ അർഥമുണ്ട്. ആരെങ്കിലും ഭോപ്പാലിയാണെന്ന് പറഞ്ഞാൽ, അവൻ സ്വവർഗാനുരാഗിയാണെന്നാണ് പൊതുവെ അർഥമാക്കുന്നത്' -എന്നായിരുന്നു അഭിമുഖത്തിൽ പറഞ്ഞത്.
അഗ്നിഹോത്രി ഭോപ്പാലിനെ അപമാനിച്ചെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. നേരത്തെ, കശ്മീർ ഫയൽസ് എന്ന സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.