കണ്ണമംഗലയിലും കാടുഗൊഡിയിലും ട്രീ പാർക്കുകൾ തുറന്നു
text_fieldsബംഗളൂരു: മരത്തണലിൽ അൽപനേരം ചിലവഴിക്കാനും പ്രകൃതിയുമായി കൂടുതൽ അടുക്കാനും ആഗ്രഹിക്കുന്നവർക്കായി കണ്ണമംഗലയിലും കാടുഗൊഡിയിലും ട്രീ പാർക്കുകൾ തുറന്നു. വിവിധ മരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയാണ് പാർക്കുകൾ പ്രവർത്തനം ആരംഭിച്ചത്. നഗരത്തിരക്കിൽനിന്ന് മാറി പാർക്കുകളിലെത്തി അവിടത്തെ വിവിധ പരിപാടികളിൽ ആളുകൾക്ക് പങ്കാളികളാകുകയും ചെയ്യാം. കണ്ണമംഗലയിലെ ട്രീ പാർക്കിെൻറ ഉദ്ഘാടനം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിർവഹിച്ചു. മിഷന് 2022 പദ്ധതിയിലുള്‍പ്പെടുത്തിയ 'ട്രീ പാര്‍ക്കുകള്‍' ബുധനാഴ്ച മുതലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. മിനി ലാല്‍ബാഗ് എന്നും ഈസ്റ്റ് ലാല്‍ബാഗ് എന്നും അറിയപ്പെടുന്ന കണ്ണമംഗല ട്രീ പാർക്കിൽ 70 ഏക്കറിലായി 8000ത്തിലധികം മരങ്ങളാണുള്ളത്.
ഹോർട്ടികൾച്ചറൽ വകുപ്പിനാണ് പാർക്കിെൻറ നടത്തിപ്പുചുമതല. ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്ഡെൻറ മാതൃകയില്‍ നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി കണ്ണമംഗല ട്രീ പാര്‍ക്കിനേയും മാറ്റിയെടുക്കാനാണ് ഹോര്‍ട്ടികൾച്ചറൽ വകുപ്പിെൻറ ലക്ഷ്യം. കാടുഗൊഡിയിൽ വനംവകുപ്പിെൻറ കീഴിലുള്ള വനത്തോട് ചേർന്നുള്ള 22 ഏക്കർ സ്ഥലത്താണ് ട്രീ പാർക്ക് ഒരുക്കിയിരിക്കുന്നത്. കാടുഗൊഡിയില് സംരക്ഷിത വനമേഖലയായ 177 ഏക്കറില്‍ 22 ഏക്കറിലാണ് ട്രീ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. വനങ്ങളില്‍ മാത്രം കണ്ടുവരുന്ന വൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഇവിടെയുണ്ട്. രണ്ടിടത്തും ജോഗിങ് ട്രാക്കുകള്‍, ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ ജിമ്മുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങിയവയുണ്ട്. കണ്ണമംഗല ട്രീ പാര്‍ക്കില്‍ വിവിധതരം തെങ്ങുകളാണ് കൂടുതലായുള്ളത്.
രാജ്യത്തിെൻറ വിവിധഭാഗങ്ങളില്നിന്നെത്തിച്ച 2000ത്തോളം തെങ്ങുകളാണ് ഇവിടെയുള്ളത്. ഇതിന് പുറമെ ഔഷധഗുണമുള്ള ഒട്ടേറെ മരങ്ങളും പാര്‍ക്കില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരോ മരത്തിെൻറയും ഇനവും മറ്റ് വിവരങ്ങളും മരത്തില്‍ പതിപ്പിച്ച ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്താല്‍ ലഭ്യമാകുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിലെത്തുന്നവര്‍ക്ക് മരങ്ങളെക്കുറിച്ചുള്ള പൂർണമായ വിവരം ഇതിലൂടെ ലഭിക്കും.
ഇതുവരെ ആദ്യഘട്ടമെന്നനിലയില്‍ 5.5 കോടി രൂപയാണ് പദ്ധതിക്കുവേണ്ടി ചെലവിട്ടത്. ഘട്ടംഘട്ടമായി കൂടുതല്‍ സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കും. ബി.ബി.എം.പി പരിധിക്ക് പുറത്തുള്ള കണ്ണമംഗല ഗ്രാമപഞ്ചായത്തിലാണ് ട്രീ പാർക്ക് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

