ഇൻഡോർ: ശരിയായ രീതിയിൽ മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് ഇൻഡോറിൽ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളുടെ വൈറലായതോടെ രണ്ട് പൊലീസുകാരെ അധികൃതർ സസ്പെൻഡ് ചെയ്തു. പര്‍ദേശിപുരിലെ സ്‌റ്റേഷനിലെ രണ്ടു പൊലീസ് കോൺസ്റ്റബിൾമാരാണ് ഓട്ടോ ഡ്രൈവർ കൃഷ്ണ കുഞ്ചിനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദിച്ചവശനാക്കിയ കൃഷ്ണയെ സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.
എന്ത്കൊണ്ടാണ് കൃത്യമായ രൂപത്തിൽ മാസ്ക്ക് ധരിക്കാത്തതെന്ന് ചോദിച്ചാണ് കൃഷണകുഞ്ചിനെ പൊലീസ് തടയുന്നത്. താടിയിലായിരുന്നു ഇദ്ദേഹം അപ്പോൾ മാസ്‌ക് ധരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
രോഗിയായ പിതാവിനെ കാണാൻ ആശുപത്രിയിലേക്ക് പോവുകയാണെന്ന് കൃഷ്ണ പറഞ്ഞെങ്കിലും സ്റ്റേഷനിലേക്ക് വരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു, എന്നാൽ കൃഷ്ണ അത് വിസ്സമ്മതിച്ചതോടെ പൊലീസ് കായികപരമായി കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞു. കൃഷ്ണ പൊലീസിനെ അക്രമിക്കുകയായിരുന്നുവെന്ന് അവർ വിശദീകരിച്ചു.