അഭിജീത് ദീപ്‌കെയുടെ വീടിന് സുരക്ഷ ശക്തമാക്കി പൊലീസ്
text_fieldsമുംബൈ: സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ വസതിക്ക് സുരക്ഷ വർധിപ്പിച്ച് പൊലീസ്. കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ അഭിജീത് നീറ്റ്, സിയുഇടി,സിബിഎസ്ഇ ,എസ്എസ്‌സി പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പ്രതിഷേധത്തിന് ശേഷം അദ്ദേഹം മഹാരാഷ്ട്ര ഛത്രപതി സംഭാജി നഗറിലെ തന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയായാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 11ൽ നിന്ന് ഇപ്പോൾ 15ലേക്ക് ഉയർത്തിയത്.
വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അഭിജീത് ഡൽഹിയിൽ സിജെപി നടത്തിയ പ്രതിഷേധം വൻ വിജയമായിരുന്നെന്നും ആറായിരം മുതൽ ഏഴായിരം വരെ ആളുകൾ അതിൽ പങ്കെടുത്തെന്നും പറഞ്ഞു. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ തങ്ങളുടെ സമരം അവസാനിക്കില്ലെന്നും പോരാട്ടം രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇതിനായുള്ള അടുത്ത കർമ്മപരിപാടികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ ധർമ്മേന്ദ്ര പ്രധാനെ മാറ്റാനോ അല്ലെങ്കിൽ അദ്ദേഹം സ്വയം രാജിവെക്കാനോ തയ്യാറാകാൻ ഒരു ആഴ്ചത്തെ സമയം നൽകുമെന്നും, അല്ലാത്തപക്ഷം രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ വലിയ തോതിൽ യുവജനപിന്തുണയുള്ള ഓൺലൈൻ കൂട്ടായ്മയുടെ പ്രതിഷേധത്തിൽ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്, സിപിഐ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, സിപിഐ നേതാവ് ആനി രാജ എന്നിവരും വിവിധ വിദ്യാർത്ഥി, യുവജന സംഘടനകളും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

