പൊലീസ് മർദനം: വിവരാവകാശ കമീഷനും തുണയായില്ല; ഉദ്യോഗസ്ഥന് താക്കീത് മാത്രം
text_fieldsപാലക്കാട്: പൊലീസ് സ്റ്റേഷനില് നല്കിയ പരാതിയുടെ കൈപ്പറ്റ് രസീത് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ക്രൂരമർദനം ഏറ്റുവാങ്ങേണ്ടിവന്ന ദലിത് യുവാവിന് സംസ്ഥാന വിവരാവകാശ കമീഷനും തുണയായില്ല. തെന്മല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം ഉൾക്കൊള്ളുന്ന ഡ്യൂട്ടി റോസ്റ്റർ നൽകിയില്ലെന്ന് മാത്രമല്ല, മറുപടി തരുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് താക്കീത് മാത്രം നൽകി വിവരാവകാശ കമീഷൻ പരാതി തീർപ്പാക്കുകയും ചെയ്തു. നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഗവർണർക്ക് പരാതി നൽകുമെന്നും കൊല്ലം തെന്മല ഉറുകുന്ന് സ്വദേശി കെ. രാജീവ് പറഞ്ഞു.
അയല്ക്കാരന് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതിയുടെ രസീത് ആവശ്യപ്പെട്ടതിന് 2021ൽ തെന്മല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കരണത്തടിക്കുകയും വിലങ്ങിടീക്കുകയും ചെയ്തുവെന്ന രാജീവിന്റെ പരാതി വിവാദമായിരുന്നു. സ്റ്റേഷനിലെ പീഡനം മൊബൈലിൽ റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് പിറ്റേന്ന് രാജീവിനെ കള്ളക്കേസിൽ കുടുക്കി. തന്റെ പേരിൽ രണ്ട് വ്യാജ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായും രാജീവ് ആരോപിക്കുന്നു.
എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരുന്നു. ഹൈകോടതി പൊലീസിനെ വിഷയത്തിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേസ് ഹൈകോടതിയിൽ നടക്കവെയാണ്, രാജീവ് ബന്ധപ്പെട്ട രേഖകൾക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.
വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തിയെന്ന് മാത്രമല്ല, ഡ്യൂട്ടി റോസ്റ്റർ നഷ്ടപ്പെട്ടെന്ന മറുപടിയാണ് തെന്മല സ്റ്റേഷൻ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ എസ്. അജയകുമാർ നൽകിയത്. വിവരാവകാശ കമീഷനെ സമീപിച്ചെങ്കിലും എസ്. അജയ്കുമാറിനുണ്ടായ വീഴ്ച മനഃപൂർവമല്ലെന്നും വീഴ്ചകൾ ആവർത്തിക്കരുതെന്ന താക്കീതും ഉൾക്കൊള്ളുന്ന വിവരാവകാശ കമീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണന്റെ അന്തിമ തീർപ്പ് കഴിഞ്ഞ ദിവസമാണ് രാജീവിന് ലഭിച്ചത്.
ഡ്യൂട്ടി റോസ്റ്റർ നശിപ്പിക്കപ്പെട്ടെന്ന തെറ്റായ വിവരം നൽകുകയും 400 ദിവസത്തെ കാലതാമസം വരുത്തുകയും ചെയ്തതിന് എസ്.പി.ഐ.ഒമാർക്കും ഒന്നാം അപ്പലേറ്റ് അതോറിറ്റിക്കും പിഴ ചുമത്തണമെന്ന് രാജീവ് നൽകിയ പുനഃപരിശോധന ഹരജിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

