Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പൊലീസുകാർ ഞങ്ങളെ തല്ലിച്ചതച്ചു, സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിച്ചു'; ഡൽഹി പൊലീസിനെതിരെ അഭിഭാഷകൻ രംഗത്ത്

text_fields
bookmark_border
പൊലീസുകാർ ഞങ്ങളെ തല്ലിച്ചതച്ചു, സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിച്ചു; ഡൽഹി പൊലീസിനെതിരെ അഭിഭാഷകൻ രംഗത്ത്
cancel

ന്യൂഡൽഹി: ഡൽഹിയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിൽ കസ്റ്റഡിയിലെടുത്തവരുടെ ദുരനുഭവങ്ങൾ പുറത്ത്. പ്രതിഷേധത്തിനിടയിൽ പിടികൂടിയ എഴുനൂറിലധികം പേരെ പൊലീസ് മണിക്കൂറുകളോളം കസ്റ്റഡിയിൽ വെക്കുകയും, ഫോണുകൾ പിടിച്ചെടുത്ത് നഗരത്തിൽ നിന്ന് 30 മുതൽ 40 കിലോമീറ്റർ അകലെയുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ നിരവധി അഭിഭാഷകരും സാമൂഹിക പ്രവർത്തകരുമാണ് കസ്റ്റഡിയിലുള്ളവർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് എക്സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എസ്‌.ഒ.എസ് സന്ദേശങ്ങൾ പങ്കുവെച്ചത്.

കണക്ട് പ്ലേസിൽ വെച്ച് കസ്റ്റഡിയിലായ ഗവേഷകനും അഭിഭാഷകനുമായ അർജുൻ ഉണ്ണികൃഷ്ണൻ തനിക്ക് നേരിടേണ്ടി വന്ന ഭീകരമായ അനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചു. പ്രതിഷേധക്കാരുടെ കൂട്ടത്തിൽ പെടാത്ത സാധാരണക്കാരെപ്പോലും പൊലീസ് ബസ്സിലേക്ക് വലിച്ചുകയറ്റുകയും റോഡിൽ നിരനിരയായി ഇരുത്തുകയും ചെയ്തു. മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത പൊലീസ്, പാസ്‌വേഡ് നൽകാൻ തയാറാകാത്തവരെ ക്രൂരമായി അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തു. ഒരു ചെറുപ്പക്കാരന്റെ ഫോൺ പരിശോധിക്കാൻ പത്തോളം പൊലീസുകാർ ചുറ്റുംകൂടിനിന്ന് പരിഹസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധക്കാരെ കയറ്റിയ ജയിൽ വാനിലും ക്രൂരമായ മർദ്ദനങ്ങളാണ് അരങ്ങേറിയത്. വാനിനുള്ളിൽ വെച്ച് പൊലീസുകാർ ഓരോരുത്തരെയായി മുഖത്തടിക്കുകയും നെഞ്ചിലും പുറത്തും ചവിട്ടുകയും സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിക്കുകയും ചെയ്തതായി അർജുൻ ആരോപിക്കുന്നു. കൊച്ചുകുട്ടികളായ പ്രായപൂർത്തിയാകാത്തവരും ഈ വാഹനത്തിലുണ്ടായിരുന്നു. യാതൊരുവിധ ദാക്ഷിണ്യവുമില്ലാതെയായിരുന്നു പൊലീസിന്റെ പെരുമാറ്റം. തുടർന്ന് പാണ്ഡവാല ഖുർദിലെ ഒരു കമ്മ്യൂണിറ്റി സെന്ററിലേക്ക് മാറ്റിയ ഇവർക്ക് മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ വൈദ്യസഹായമോ നൽകാൻ അധികൃതർ തയാറായില്ല. പരിക്കേറ്റവർക്ക് പോലും യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും ഒടുവിൽ രാത്രി പത്തുമണിയോടെയാണ് തങ്ങളെ വിട്ടയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു കസ്റ്റഡി അനുഭവവുമായി 23കാരനായ യുവാവും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയതെന്നും കസ്റ്റഡി കേന്ദ്രത്തിൽ എത്തിയ ശേഷവും മർദ്ദനം തുടർന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രായപൂർത്തിയാകാത്ത ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും രാത്രി 10 മണിക്ക് മുമ്പ് തന്നെ എല്ലാവരെയും വിട്ടയച്ചിട്ടുണ്ടെന്നുമാണ് ദ്വാരക ഡി.സി.പി കുശാൽ പാൽ സിങ് പ്രതികരിച്ചത്. പൊലീസ് അതിക്രമങ്ങളെക്കുറിച്ചും ഫോൺ പിടിച്ചെടുത്തതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയിട്ടില്ല. തലസ്ഥാനത്ത് അരങ്ങേറിയ ഈ സംഭവങ്ങൾ വലിയതോതിലുള്ള പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police beat us up and hit us in private parts says Lawyer
Next Story