‘പാറ്റ’കൾക്കെതിരായ പൊലീസ് അതിക്രമം; അഞ്ചംഗ സമിതിയെ പ്രഖ്യാപിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജൂലൈ 20ലെ സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി)യുടെ പാർലമെന്റ് മാർച്ചിനിടെ സമരക്കാരായ വിദ്യാർഥികൾക്കു നേരെ പൊലീസ് നടത്തിയ അതിക്രമങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ ഉന്നതാധികാര സമിതിയെ മുൻ സുപ്രീംകോടതി ജഡ്ജി ആർ. സുഭാഷ് റെഡ്ഢി നയിക്കും. മുൻ പഞ്ചാബ്-ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, മുൻ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശാലീന്ദർ കൗർ, മുൻ സി.ബി.ഐ ഡയറക്ടർ ഋഷി കുമാർ ശുക്ല, വിരമിച്ച മേഘാലയ ഡി.ജി.പി എൽ.ആർ. ബിഷ്ണോയ് എന്നിവർ അംഗങ്ങളായുണ്ടാകും.
ചീഫ് ജസ്റ്റിസ് എ. സുര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സമിതിയെ പ്രഖ്യാപിച്ചത്്. ഇവരുടെ ശിപാർശകൾ കോടതിക്ക് വിലമതിക്കാനാകാത്ത സഹായമായിരിക്കുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിൽ തുടർന്നു.
അന്വേഷണത്തിൽ പരാതികളുടെ മുൻഗണന നോക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിദ്യാർഥികൾക്കുണ്ടായ ഗുരുതര പരിക്കിന് നിമിത്തമായ പൊലീസ് നടപടി, അതിനുള്ള ഉത്തരവ് വന്ന വഴി, ഉത്തരവാദികളായവർ, നിയമ, ചട്ട, നടപടിക്രമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം എന്നിവ സമിതി അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. സമയാസമയങ്ങളിൽ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാൻ ഇടക്കാല റിപ്പോർട്ടുകൾ നൽകണമെന്നും സമിതിയോട് നിർദേശിച്ചിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ചക്കും പരീക്ഷാ ക്രമക്കേടുകൾക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെയാണ് ഡൽഹി പൊലീസും അജ്ഞാതരും ചേർന്ന് അതിക്രമം അഴിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

