ചികിത്സക്കെത്തിയ മൂന്ന് വിദേശികൾ തിരിച്ച് പോയില്ല; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് 2.8 കിലോ എം.ഡി.എം.എയും 400 കിലോ ഹൈബ്രിഡ് കഞ്ചാവും, മതിപ്പുവില 4.5 കോടി
text_fieldsബംഗളൂരു: ചികിത്സക്കെന്ന വ്യാജേന ഇന്ത്യയിലെത്തിയ നൈജീരിയൻ പൗരന്മാരിൽനിന്ന് പിടികൂടിയത് കോടികളുടെ മയക്കുമരുന്ന് ശേഖരം. 2.8 കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്നും 400 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് മൂന്ന് നൈജീരിയക്കാരെ പിടികൂടിയത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായതെന്ന് ബംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സി കെ ബാബ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിടികൂടിയ മയക്കുമരുന്നിന് നാലര കോടി രൂപ വില കണക്കാക്കുന്നു.
മെഡിക്കൽ വിസയിലാണ് വിദേശ പൗരന്മാർ ഇന്ത്യയിലെത്തിയത്. കാലാവധി കഴിഞ്ഞിട്ടും ഇവർ ഇന്ത്യയിൽ തങ്ങിയിരുന്നതായി കണ്ടെത്തി. സംശയാസ്പദ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.
നൈജീരിയൻ പൗരന്മാർ താമസിച്ച രാജാനുകുണ്ടെയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.8 കിലോ എംഡിഎംഎ, ഏകദേശം 400 കിലോ ഹൈഡ്രോ കഞ്ചാവ്, രണ്ട് ലക്ഷത്തിലധികം രൂപ, ഏഴ് മൊബൈൽ ഫോണുകൾ, പാക്കേജിംഗ് സാമഗ്രികൾ, ത്രാസ് എന്നിവ പൊലീസ് പിടിച്ചെടുത്തത്.
വൈദ്യശാസ്ത്രപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ 2024 ഡിസംബറിൽ ഡൽഹി വഴി ഇന്ത്യയിലേക്ക് കടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തലസ്ഥാനത്തെ താമസം മതിയാക്കിയ അവർ ബംഗളൂരുവിലേക്ക് വന്നു. വസ്ത്രങ്ങൾ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കാർഡ്ബോർഡ് ഷീറ്റുകൾക്കുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് പേർക്കെതിരെയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിതരണ ശൃംഖല കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് എസ്.പി കൂട്ടിച്ചേർത്തു. ഈ പ്രവർത്തനത്തിന് പിന്നിൽ വലിയൊരു ശൃംഖല ഉണ്ടെന്നാണ് പൊലീസ് നിഗമനം. മരുന്നുകളുടെ ഉറവിടം, പ്രവർത്തനരീതി, വിതരണകേന്ദ്രങ്ങൾ എന്നിവ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെനും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

