Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാത്രി വീണ്ടും ഡൽഹി...

രാത്രി വീണ്ടും ഡൽഹി കീഴടക്കി പാറ്റകൾ; പൊലീസ് പൊളിച്ച സമരപ്പന്തലിൽ സി.ജെ.പി

text_fields
bookmark_border
രാത്രി വീണ്ടും ഡൽഹി കീഴടക്കി പാറ്റകൾ; പൊലീസ് പൊളിച്ച സമരപ്പന്തലിൽ  സി.ജെ.പി
cancel

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ പൊലീസിനെ നിരത്തി അടിച്ചമർത്തിയതോടെ യുദ്ധക്കളമായി മാറിയ രാജ്യതലസ്ഥാനം, ഏതാനും മണിക്കൂർ നേരത്തെ ഇടവേളക്ക് ശേഷം വീണ്ടും പാറ്റകൾ കീഴടക്കി. ചോദ്യപേപ്പർ ചോർച്ചക്കുത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത പാർലമെന്റ് മാർച്ചിനെ പകൽ നിഷ്ഠുരമായി പൊലീസ് അടിച്ചമർത്തിയിരുന്നു. സമരപ്പന്തലടക്കം പൊളിച്ചുനീക്കിയ പൊലീസ് ​വിദ്യാർഥികളെ തലങ്ങും വിലങ്ങും മർദിക്കുകയും ചെയ്തിരുന്നു. എന്നാൽ, രാത്രിയോടെ പന്തൽ പുനസ്ഥാപിച്ച സി.ജെ.പി പ്രവർത്തകർ ജന്തർമന്തറിൽ വീണ്ടും സമരം തുടങ്ങി. ബാരിക്കേഡുകൾ മറിച്ചിട്ടാണ് ഇവർ എത്തിയത്.

പൊലീസിന്റെ അടിച്ചമർത്തലിന് ശേഷവും പിരിഞ്ഞുപോകാൻ തയാറാകാതെ വിദ്യാർഥികൾ വീണ്ടും ജന്തർ മന്തറിലേക്ക് നീങ്ങിയതോടെ രാവിലെ 10 മണിക്ക് തുടങ്ങിയ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും രാത്രിയും തുടർന്നു. ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ ജന്തർ മന്തർ വിട്ടുപോകില്ലെന്ന് തിരികെയെത്തിവരെ സാക്ഷി നിർത്തി അഭിജീത് ദിപ്കെ പ്രഖ്യാപിച്ചത് കരഘോഷത്തോടെയാണ് സമരക്കാർ സ്വീകരിച്ചത്.

രാവിലെ കേന്ദ്ര സർക്കാറിന്റെയും ഡൽഹി പൊലീസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് അണമുറിയാതെ ഒഴുകിയെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾ ജന്തർ മന്തറിൽ നിന്ന് നീങ്ങി പാർലമെന്റിലേക്കുള്ള നാല് പ്രധാന പാതകളും കൈയടക്കിയതോടെ കണ്ണീർ വാതകവും ലാത്തിച്ചാർജുമുപയോഗിച്ചാണ് അടിച്ചോടിച്ചത്.

ഇതിനിടയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി വക്താവ് സൗരവ് ദാസുമായി ചർച്ച നടത്തി. ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, സോനം വാങ്ചുകിനെ മോചിപ്പിക്കുക, ആത്മഹത്യ ചെയ്ത ഇരകൾക്ക് ഒരു കോടി വീതം നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ പഠിക്കാൻ സമയം വേണമെന്നാണ് നഡ്ഡ ആവശ്യപ്പെട്ടത്. ഇത് കൂടാതെ ധർമേന്ദ്ര പ്രധാനും ആഭ്യന്തര മന്ത്രി അമിത് ഷായും അഞ്ച് മണിക്കൂർ നേരം നീണ്ട ചർച്ച നടത്തിയ ശേഷവും രാജി ആവശ്യത്തോട് പുറം തിരിഞ്ഞുനിൽക്കുകയാണ് സർക്കാർ.

പാറ്റകൾ വളഞ്ഞു; പാർലമെന്റ് പൂട്ടിയിട്ടു

ജന്തർ മന്തറും പാർലമെന്റ് പരിസരവും മാത്രമല്ല സെൻട്രൽ ഡൽഹി അക്ഷരാർഥത്തിൽ യുദ്ധക്കളമായി മാറുന്നതാണ് തിങ്കളാഴ്ച കണ്ടത്. സൂചി വെക്കാനിടമില്ലാത്ത വിധം നിറഞ്ഞുകവിഞ്ഞ ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് നീങ്ങിയ വിദ്യാർഥികളെ കേരള ഹൗസിന് മുന്നിൽ ബാരിക്കേഡ് വെച്ച് തടയുമ്പോഴും മെട്രോകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ സമരത്തിന് വന്നു കൊണ്ടിരിക്കുകയായിരുന്നു.

ജന്തർ മന്തറിൽ മാർച്ച് വിലക്കിയതോടെ രായ്സീന റോഡ്, റെയിൽ ഭവൻ, സൻസദ് മാർഗ്, റകബ് ഗഞ്ച് എന്നീ ഭാഗങ്ങളിലൂടെ കൂട്ടത്തോടെ അവർ പാർലമെന്റ് ലക്ഷ്യംവെച്ച് നീങ്ങി. ഇവരെ ബാരിക്കേഡുവെച്ച് തടയുക കൂടി ചെയ്തതോടെ പാർലമെന്റിലേക്കുള്ള നാല് പ്രധാന വഴികളും സമരക്കാരുടെ ഉപരോധത്തിലായി. അതോടെ പാർലമെന്റിനകത്തുള്ളവർക്ക് പുറത്തേക്കും പുറത്തുള്ളവർക്ക് അകത്തേക്കും കടക്കാനാവാത്ത വിധം മണിക്കൂറുകളോളം പാർലമെന്റിന്റെ എല്ലാ കവാടങ്ങളും അടച്ചിട്ടു.

എന്നിട്ടും സമരക്കാർ തള്ളിക്കയറിയേക്കുമെന്ന ആശങ്ക തീരാതെ ഉച്ചക്ക് 12 മണിയോടെ പാർലമെന്റ് വളപ്പിലേക്കുള്ള ഗേറ്റുകളും അടച്ചുപൂട്ടി. അതിനുശേഷമായിരുന്നു സമരക്കാർക്കുനേരെ കണ്ണീർ വാതക ഷെല്ലുകൾ പൊട്ടിച്ച് ലാത്തിച്ചാർജ് നടത്തി അടിച്ചോടിക്കാൻ തുടങ്ങിയത്.

അറസ്റ്റിനുപകരം അടിച്ചോടിക്കൽ

പൊലീസിനും അർധ സൈനിക വിഭാഗത്തിനും ദ്രുത കർമസേനക്കും പുറമെ സാധാരണക്കാരെന്ന് തോന്നിക്കുന്ന തരത്തിൽ ഹെൽമറ്റ് ധരിച്ച് മുഖം മറച്ചുകെട്ടിയ നിരവധി പേരും സമരക്കാരായ വിദ്യാർഥികളുടെ കൈയും കാലും തല്ലിയൊടിച്ചതോടെ നൂറുകണക്കിന് വിദ്യാർഥികൾക്കും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയവർക്കും പരിക്കേറ്റു. കൈകാലുകൾ ഒടിഞ്ഞവരെയും അടിയേറ്റ് രക്തം വാർന്നവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാനിൽ കയറ്റി.

ഇത്തരമൊരു വാനിൽ കയറിയ കേരളത്തിൽ നിന്നുള്ള സി.പി.എം എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹീം, വി. ശിവദാസൻ എന്നിവർ രണ്ടര മണിക്കൂർ പിടികൂടി വെച്ചിരുന്ന ഒരു ഡസനോളം പേരെ മോചിപ്പിച്ചത് സി.പി.എം നേതാക്കളും പൊലീസും തമ്മിലുള്ള വാഗ്വാദത്തിനിടയാക്കി. വാനിൽ നിന്നിറക്കിക്കൊണ്ടുപോകുമ്പോൾ ഇവരിൽ പലരുടെയും ശരീരഭാഗങ്ങളിൽ നിന്ന് രക്തമൊലിക്കുന്ന നിലയിലായിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാതെ പരമാവധി തല്ലിയൊടിച്ചും മുറിപ്പെടുത്തിയും ഓടിപ്പിക്കാനാണ് നോക്കുന്നതെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് കുറ്റപ്പെടുത്തി.

‘വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ വലിച്ചുകീറി’

തലസ്ഥാന നഗരിയുടെ ചരിത്രത്തിൽ കാണാത്തവിധം മനുഷ്യത്വരഹിതമായ വേട്ടയാണ് പൊലീസ് നടത്തിയതെന്ന് സമരക്കാരും അവരെ പിന്തുണക്കുന്നവരും കുറ്റപ്പെടുത്തി. വിദ്യാർഥിനികളെ പുരുഷ പൊലീസുകാർ ക്രൂര മർദനത്തിനിരയാക്കി അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി വാങ്ചുകും സമരസ്ഥലേത്തേക്ക് മാർച്ച് ചെയ്ത എസ്.പി നേതാവ് ഇഖ്റാ ഹസനും ആരോപിച്ചു.

പാർലമെന്റ് പരിസരത്തുനിന്ന് പതിനായിരങ്ങളെ അടിച്ചോടിച്ച പൊലീസ് അതുകൊണ്ടും അവസാനിപ്പിച്ചില്ല. വൈകുന്നേരത്തോടെ സമര സിരാ കേന്ദ്രമായ ജന്തർ മന്തറിലേക്ക് കടന്ന് സമരത്തിന് നേതൃത്വം നൽകുന്ന സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെയും മറ്റു നേതാക്കളെയും കസ്റ്റഡിയിലെടുത്ത് സമരക്കാരെ മുഴുവൻ അടിച്ചോടിച്ച് സമരവേദിയും പന്തലുകളുമെല്ലാം പൊളിച്ചുനീക്കി. ഇതാണ് രാത്രിയോടെ വീണ്ടും ​പുനസ്ഥാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Protestspolice actiondelhi policeCockroach Janata Party
News Summary - Police action cockroach party protest site Delhi
Next Story