വീണ്ടും പോക്സോ കേസ്; ചിത്രദുർഗ മുരുഗ മഠാധിപനെതിരെ അറസ്റ്റ് വാറന്റ്
text_fieldsശിവമൂർത്തി മുരുഗ
ശരണരു
ബംഗളൂരു: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ചിത്രദുർഗ മുരുഗരാജേന്ദ്ര മഠം തലവൻ ശിവമൂർത്തി മുരുഗ ശരണരുവിനെതിരെ മറ്റൊരു സമാന കേസിൽ അറസ്റ്റ് വാറന്റ്. ചിത്രദുർഗ സെക്കൻഡ് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് തിങ്കളാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ആദ്യത്തെ പോക്സോ കേസിൽ അറസ്റ്റിലായി 14 മാസം ജയിലിലായിരുന്നു ഇയാൾ. പിന്നീട് നാലുദിവസം മുമ്പാണ് ഉപാധികളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിനുശേഷം ദാവൻഗരെയിലെ വിരക്ത മഠത്തിലായിരുന്നു താമസം. രണ്ടാം പോക്സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി വാറന്റ് നൽകിയിരിക്കുന്നത്.
മഠത്തിന്റെ ഹോസ്റ്റലിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായ കേസിലാണ് ഇയാൾ 2022 സെപ്റ്റംബറിൽ അറസ്റ്റിലാകുന്നത്. 2023 ആഗസ്റ്റിൽ രണ്ടുപെൺകുട്ടികളും മജിസ്ട്രേറ്റിനുമുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. മഠത്തിലെ ഹോസ്റ്റൽ വാർഡനും മറ്റ് രണ്ട് പേരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, വാറന്റിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് മഠാധിപന്റെ അഭിഭാഷകർ അറിയിച്ചു.