ആൻറിഗ്വയിലേക്ക് കടന്നത് ബിസിനസ് താൽപര്യത്തിന് –മെഹുൽ ചോക്സി
text_fieldsന്യൂഡൽഹി: കരീബിയൻ രാജ്യമായ ആൻറിഗ്വയിൽ പൗരത്വം നേടിയത് ബിസിനസ് താൽപര്യം മുൻനിർത്തിയാണെന്ന് മെഹുൽ ചോക്സി. 130ലേറെ രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ ആൻറിഗ്വ പൗരത്വം സഹായിക്കുമെന്നും അത് തെൻറ ബിസിനസിന് ഗുണം ചെയ്യുമെന്നും ചോക്സി പറഞ്ഞു. അഭിഭാഷകൻ മുഖേനയാണ് ഇക്കാര്യം അറിയിച്ചത്.
13,500 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്നാണ് മെഹുൽ ചോക്സി രാജ്യംവിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. ജനുവരി 15നാണ് ചോക്സി ആൻറിഗ്വ പൗരനായത്. അതേ മാസം 29നാണ് സി.ബി.െഎ കേസെടുക്കുന്നത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു രാജ്യംവിട്ട ചോക്സിയുടെ വിശദീകരണം.
അതേസമയം, കോടികളുടെ ബാങ്ക് തട്ടിപ്പ് പുറത്തുവരുമെന്ന് മുൻകൂട്ടിയറിഞ്ഞ ചോക്സി കഴിഞ്ഞ വർഷം നവംബറിൽതന്നെ ആൻറിഗ്വ പൗരത്വത്തിന് അപേക്ഷിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ചോക്സിക്ക് പൗരത്വം നൽകുന്നതു സംബന്ധിച്ച് ആൻറിഗ്വയിൽനിന്ന് അന്വേഷണം വന്നപ്പോൾ ഇന്ത്യ തടസ്സങ്ങളുന്നയിച്ചില്ല. ആ സമയം പി.എൻ.ബി തട്ടിപ്പ് കേസ് പുറത്തുവരുകയോ ചോക്സിക്കെതിരെ കേസെടുക്കുകയോ ചെയ്തിരുന്നില്ല.
കരീബിയൻ ദ്വീപ് രാഷ്ട്രമായ ആൻറിഗ്വ നികുതി തീരെയില്ലാത്ത രാജ്യങ്ങളിലൊന്നാണ്. രാജ്യത്തിന് ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ലാത്തതിനാൽ ഇനി ചോക്സിയെ വലയിലാക്കൽ എളുപ്പമല്ലെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ആൾക്കൂട്ടം തല്ലിക്കൊല്ലുമെന്നതിനാൽ താൻ ഇന്ത്യയിലേക്കില്ലെന്ന് ചോക്സി നേരത്തേ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
