ന്യൂഡൽഹി: കുടുംബ രാഷ്ട്രീയത്തിന്‍റെ പേരിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ തന്ത്രങ്ങളും ഉപയോഗിച്ച് ഒരു കുടുംബത്തിന് ഭരണത്തിലെത്താനുള്ളതല്ല തെലങ്കാനക്ക് വേണ്ടിയുള്ള പോരാട്ടമെന്ന് മോദി പറഞ്ഞു.
കുടുംബാധിഷ്ഠിത രാഷ്ട്രീയം കാരണം രാജ്യത്തെ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ അവസരം ലഭിക്കുന്നില്ലെന്നും ഹൈദരാബാദിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെടാത്ത രാഷ്ട്രീയസഖ്യത്തിന് ചന്ദ്രശേഖർ റാവു കരുനീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ വിമർശനം.
'പരിവാർവാദി' പാർട്ടികൾ സ്വന്തം വികസനത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. പാവപ്പെട്ട ജനങ്ങളെ ഈ പാർട്ടികൾ ശ്രദ്ധിക്കുന്നില്ല. കുടുംബത്തിന് എങ്ങനെ അധികാരത്തിൽ തുടരാമെന്നതിൽ മാത്രമാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു.
കുടുംബാധിഷ്ഠിത രാഷ്ട്രീയം ഒരു രാഷ്ട്രീയ പ്രശ്‌നം മാത്രമല്ല. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. ഒരു കുടുംബത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ മുഖമുദ്രയായി അഴിമതി മാറുന്നത് രാജ്യം കണ്ടതാണെന്നും മോദി കൂട്ടിച്ചേർത്തു.
തെലങ്കാനയിൽ ബി.ജെ.പി പ്രവർത്തകർ രാഷ്ട്രീയമായി അക്രമിക്കപ്പെടുകയാണ്. സംസ്ഥാനത്തെ ഒരു സാങ്കേതിക ഹബ്ബാക്കി മാറ്റണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി അന്ധവിശ്വാസിയാണ്. ഞാൻ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണ് വിശ്വസിക്കുന്നത്. സന്യാസിയായിരുന്നിട്ടും അന്ധവിശ്വാസത്തിൽ വീഴാത്ത യോഗി ആദിത്യനാഥിനെ ഞാൻ അഭിനന്ദിക്കുന്നു. അത്തരം അന്ധവിശ്വാസികളിൽ നിന്ന് തെലങ്കാനയെ രക്ഷിക്കണം -മോദി പറഞ്ഞു.