ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് എന്നും ജനങ്ങളുടെ കാര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധനവില കുറച്ചത് ജനങ്ങളുടെ ജീവിതത്തെ കൂടുതൽ അനായാസമാക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപത്തിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു.
'എന്നും ഞങ്ങൾക്ക് ജനങ്ങളാണ് ആദ്യം. ഇന്നത്തെ തീരുമാനങ്ങൾ, പ്രത്യേകിച്ചും പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ കുറവുവരുത്തിയ പ്രഖ്യാനം, വിവിധ മേഖലകളെ പോസിറ്റീവായി ബാധിക്കും. ജനങ്ങൾക്ക് ആശ്വാസമാകുകയും അവരുടെ ജീവിതം കൂടുതൽ അനായാസമാകുകയും ചെയ്യും' -മോദി ട്വീറ്റ് ചെയ്തു.
പെട്രോളിന്‍റെ എക്‌സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കേന്ദ്ര സർക്കാർ ഇന്ന് കുറച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസൽ ലിറ്ററിന് ഏഴ് രൂപയും കുറയും. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിലൂടെ ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡിയും നൽകും.
കഴിഞ്ഞ നവംബറിൽ കേന്ദ്രം ഇന്ധന എക്സൈസ് തീരുവ കുറച്ചപ്പോൾ കുറവ് വരുത്താത്ത സംസ്ഥാനങ്ങളോട് ഇത്തവണ നികുതി കുറയ്ക്കാൻ ധനമന്ത്രി നിർമല സീതാരാമൻ പ്രത്യേകം ആഹ്വാനംചെയ്തിട്ടുണ്ട്. 2021 നവംബറിൽ കേന്ദ്രം പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. അടിക്കടി വിലവർധിപ്പിച്ച ശേഷമായിരുന്നു തീരുവ കുറച്ചുള്ള പ്രഖ്യാപനം. ഇതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന 17 സംസ്ഥാനങ്ങൾ ഉൾപ്പെടെ 21 സംസ്ഥാനങ്ങളും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളും നികുതി കുറച്ചിരുന്നു.