അഗസ്റ്റ വെസ്റ്റ്ലാൻറ് ഇടനിലക്കാരെൻറ രഹസ്യങ്ങൾക്കായി കാത്തിരിക്കൂ -മോദി
text_fieldsസുമർപുർ(രാജസ്ഥാൻ): അഗസ്റ്റ വെസ്റ്റ്ലാൻറ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ച പശ്ചാത്തലത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നേരന്ദ്ര മോദി.
വി.വി.െഎ.പി ഹെലികോപ്റ്റർ അഴിമതി നടന്നത് യു.പിഎ ഭരണകാലത്തായിരുന്നു. തങ്ങൾ ഭരണത്തിലേറിയപ്പോൾ ഇൗ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തി. പ്രതികളിലൊരാളെ പിടികൂടി. അയാളെ ദുബൈയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച കാര്യം പത്രങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ടാവും. അയാൾ സംസാരിച്ചു തുടങ്ങിയാലേ എന്തെല്ലാം രഹസ്യങ്ങളാണ് പുറത്തു വരികയെന്ന് അറിയാനാവൂ എന്നും മോദി പറഞ്ഞു. രാജസ്ഥാനിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പി.എ ഭരണകാലത്ത് ഇറ്റലി ആസ്ഥാനമായ അഗസ്റ്റ വെസ്റ്റ്ലൻഡ് കമ്പനിയിൽനിന്ന് 3600 കോടി രൂപ മുടക്കി 12 ഹെലികോപ്ടറുകൾ വാങ്ങിയതിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും നേതാക്കളും കോഴ കൈപ്പറ്റിയെന്നാണ് കേസ്.
എ.കെ. ആൻറണി പ്രതിരോധമന്ത്രി ആയിരുന്നപ്പോഴാണ് വിവാദമുയർന്നതും അന്വേഷണം തുടങ്ങിയതും. വെസ്റ്റ്ലൻഡ് കമ്പനിക്കുവേണ്ടി ഇന്ത്യൻ നേതാക്കളെ സ്വാധീനിക്കാൻ ഇടനിലക്കാരനായത് ക്രിസ്ത്യൻ മിഷേൽ ജെയിംസ് ആണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കഴിഞ്ഞവർഷമാണ് മിഷേൽ ദുബൈയിൽ അറസ്റ്റിലായത്.
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിവിശിഷ്ട വ്യക്തികളുടെ യാത്രക്കായി ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലൻഡിൽനിന്ന് 12 ഹെലികോപ്ടറുകൾ വാങ്ങാനുള്ള 3600 കോടി രൂപയുടെ കരാറിൽ 362 കോടിയുടെ കോഴ ഇടപാട് നടന്നുവെന്നാണ് കേസ്.
