ബംഗാളിലെ ‘മഹാജംഗിൾ രാജിന്’ അന്ത്യം കുറിക്കണം; മമത സർക്കാറിനെതിരെ സിംഗൂരിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി
text_fieldsസിംഗൂർ: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസിന്‍റെ 15 വർഷത്തെ ‘മഹാജംഗിൾ രാജിന്’ അന്ത്യം കുറിക്കാനുള്ള സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമത സർക്കാറിന്‍റെ ദുർഭരണത്തിൽ ജനങ്ങൾ മടുത്തുവെന്നും ബംഗാളിന് ഇനി വേണ്ടത് യഥാർത്ഥ മാറ്റമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ശത്രുവാണ് തൃണമൂൽ കോൺഗ്രസെന്ന് മോദി കുറ്റപ്പെടുത്തി. പശ്ചിമബംഗാളിലെ വികസനം വേഗത്തിലാക്കാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ പശ്ചിമബംഗാളിൽ തടസ്സപ്പെടുത്തുന്ന സമീപനമാണ് തൃണമൂൽ സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ബിഹാറിലെ ജംഗിൾ രാജിന് ബി.ജെ.പി അന്ത്യം കുറിച്ചതുപോലെ പശ്ചിമബംഗാളിലും മാറ്റത്തിന് ജനങ്ങൾ സജ്ജരായിക്കഴിഞ്ഞു. ഡൽഹിയിൽ നേരത്തെ ഉണ്ടായിരുന്ന സർക്കാർ കേന്ദ്ര പദ്ധതികൾ തടഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവിടെ ഇരട്ട എൻജിൻ സർക്കാർ വന്നതോടെ സ്ഥിതി മാറിയെന്നും കെജ്രിവാൾ സർക്കാറിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബംഗാളിന്‍റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന തൃണമൂൽ കോൺഗ്രസിനെ ജനങ്ങൾ ശിക്ഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബംഗാളി ഭാഷക്ക് ക്ലാസിക്കൽ പദവി നൽകിയത് ബി.ജെ.പി ഭരണകാലത്താണെന്ന് മോദി ഓർമിപ്പിച്ചു.
യു.പി.എ ഭരണകാലത്ത് കേന്ദ്രത്തിൽ തൃണമൂൽ കോൺഗ്രസ് പങ്കാളികളായിരുന്നിട്ടും ഇതിനായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുർഗാ പൂജക്ക് യുനെസ്കോയുടെ സാംസ്കാരിക പൈതൃക പദവി ലഭിച്ചത് ബി.ജെ.പി സർക്കാറിന്‍റെ പരിശ്രമം കൊണ്ടാണെന്നും മോദി കൂട്ടിച്ചേർത്തു.
അതിർത്തിയിൽ വേലി കെട്ടുന്നതിനായി കേന്ദ്രം ഭൂമി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും നുഴഞ്ഞുകയറ്റക്കാർക്ക് രേഖകൾ ഉണ്ടാക്കി നൽകുന്നതിൽ ഭരണകക്ഷിക്ക് പങ്കുണ്ടെന്നും മോദി ആരോപിച്ചു. തന്നോടും ബി.ജെ.പിയോടുമുള്ള ശത്രുത തീർക്കാൻ ബംഗാളിലെ ജനങ്ങളെ ബലിയാടാക്കുകയാണ് തൃണമൂൽ സർക്കാരെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ഏപ്രിലിലിൽ നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ഈ കടന്നാക്രമണം. തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്കൊപ്പം പശ്ചിമ ബംഗാളും പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

