പി.എം ശ്രീ മധ്യസ്ഥ വിവാദം: ബ്രിട്ടാസിന്റെ ആരോപണം തെറ്റ്; വഹാബ് എം.പിയുടേത് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം
text_fieldsന്യൂഡൽഹി: പി.എം ശ്രീയിൽ കേരളത്തിനും കേന്ദ്രത്തിനുമിടയിൽ പാലമായി നിന്നുവെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിരോധത്തിലായ സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് ‘മാധ്യമം’ പത്രത്തിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണവുമായി രംഗത്ത്. വിവാദത്തിൽ ഇന്ത്യൻ യുനിയൻ മുസ്‍ലിം ലീഗ് നേതാവും രാജ്യസഭാംഗവുമായ പി.വി. അബ്ദുൽ വഹാബ് നൽകിയ പ്രതികരണം വ്യാജവാർത്തയാണെന്നാണ് ബ്രിട്ടാസിന്റെ വിചിത്ര വാദം.
വഹാബിന്റെ ഓഫിസ് നൽകിയ വാർത്താ കുറിപ്പ് ഇങ്ങിനെ: ‘‘ഈ വിഷയത്തെ (പി.എം ശ്രീയെ) കുറിച്ച്, ഇന്ന് കേന്ദ്രമന്ത്രി സഭയിൽ ബ്രിട്ടാസിനെ കുറിച്ച് നടത്തിയ പരാമർശം, കേന്ദ്ര സർക്കാരും ബി.ജെ.പി ഗവർന്മെന്റും തമ്മിലുള്ള അന്തർധാര എത്ര ശക്തമാണ് എന്ന് വെളിപ്പെടുത്തുന്നതാണ് എന്ന് വഹാബ് വ്യക്തമാക്കി’’. ഡൽഹിയിൽ എല്ലാ മാധ്യമങ്ങൾക്കും പ്രസിദ്ധീകരണത്തിനായി പി.വി അബ്ദുൽ വഹാബിന്റെ ഓഫിസ് നൽകിയ ഈ വാർത്താ കുറിപ്പാണ് വ്യാജവാർത്തയാണെന്ന് ബ്രിട്ടാസ് ആരോപിച്ചതും സി.പി.എം ചാനൽ അത് വാർത്തയായി നൽകിയതും.
ബ്രിട്ടാസ് വിവാദത്തിൽ അദ്ദേഹത്തിന് പറയാനുള്ളത് നൽകിയതിനൊപ്പം കോൺഗ്രസിന്റെ രാജ്യസഭാ എം.പി ജെബി മേത്തറും ലീഗ് എം.പി പി.വി വഹാബും നൽകിയ പ്രതികരണങ്ങൾ ചേർക്കുകയുമാണ് ‘മാധ്യമം’ ചെയ്തത്. എന്നാൽ, അബ്ദുൽ വഹാബ് തന്നെ വിളിച്ചുവെന്നും തനിക്ക് മെസേജ് അയച്ചുവെന്നും ‘മാധ്യമം’ പത്രം അദ്ദേഹം പറയാത്ത കാര്യങ്ങൾ പറയുകയാണെന്നുമായിരുന്നു ബ്രിട്ടാസിന്റെ അവകാശ വാദം.
വാർത്താ കുറിപ്പിന്റെ പൂർണരൂപം:
Press Note
03.12.2025
പ്രധാനമന്ത്രി ശ്രീ പദ്ധതി: കേരളവുമായുള്ള കരാറിനെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങളിൽ കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറി- ശ്രീ പി. വി. അബ്ദുൾ വഹാബ് എം.പി.
IUML-ൽ രാജ്യസഭാ മെമ്പറായ ശ്രീ. പി. വി. അബ്ദുൾ വഹാബ് ഇന്ന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, കേരളം 'പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ' (പി.എം. ശ്രീ) പദ്ധതിയിൽ പങ്കുചേരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അവ്യക്തവും അപൂർണ്ണവുമായ മറുപടിയിൽ ആശങ്ക രേഖപ്പെടുത്തി.
തൻ്റെ പാർലമെന്ററി ചോദ്യത്തിൽ ശ്രീ. അബ്ദുൾ വഹാബ് താഴെ പറയുന്ന വിഷയങ്ങളിൽ കൃത്യമായതും വിശദമായ വിവരങ്ങളാണ് തേടിയത്:
a . കേരളവും കേന്ദ്രവും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിലെ (MoU) കൃത്യമായ നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെയാണ്.
b പി.എം. ശ്രീ സ്കൂളുകൾക്കായി വാഗ്ദാനം ചെയ്തതും, അനുവദിച്ചതും, വിനിയോഗിച്ചതുമായ ഫണ്ടുകളുടെ വിശദാംശങ്ങൾ.
C. ധാരണാപത്രത്തിൽ ഭേദഗതികൾ വരുത്തുന്നതിനോ പിൻവലിക്കുന്നതിനോ കേരളം ആവശ്യപ്പെട്ടിട്ടുണ്ടോ?
D. അത്തരം ആവശ്യങ്ങൾ ഉന്നയിച്ചതിന് പിന്നിലെ കാരണങ്ങൾ.
e. ആ ആവശ്യങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എടുത്ത തീരുമാനം.
വിഷദമായി ഛോദ്യങ്ങൾ വഹാബ് ചോദിച്ചെങ്കിലും, മന്ത്രാലയം പ്രധാനപ്പെട്ട പല വിഷയങ്ങൾക്കും നേരിട്ടുള്ള മറുപടി നൽകാത്തതിൽ വഹാബ് ആശങ്ക രേഖപ്പെടുത്തി.
ഫണ്ടുകളെക്കുറിച്ച് വ്യക്തതയില്ല: പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് വാഗ്ദാനം ചെയ്തതോ, അനുവദിച്ചതോ, വിനിയോഗിച്ചതോ ആയ ഫണ്ടുകളുടെ ഒരു കണക്കും സർക്കാർ നൽകിയില്ല.
നിർദ്ദിഷ്ട വ്യവസ്ഥകൾ എടുത്തുപറഞ്ഞില്ല: കേരളവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകൾ വിശദീകരിക്കുന്നതിനു പകരം, മന്ത്രാലയം പൊതുവായ ഒരു ഓൺലൈൻ രേഖയിലേക്ക് വിരൽചൂണ്ടുക മാത്രമാണ് ചെയ്തത്. കേരള സർക്കാരും കേന്ദ്രവും പരസ്പരം നൽകിയ പ്രതിബദ്ധതകൾ എന്തൊക്കെയായിരുന്നു എന്ന ചോദ്യത്തിന്റെ കാതൽ ഇത് ഒഴിവാക്കി.
കേരളം 2025 ഒക്ടോബർ 23-ന് ധാരണാപത്രം ഒപ്പുവെച്ചെങ്കിലും, സംസ്ഥാനത്തോട് "വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്" എന്ന് മാത്രമാണ് മന്ത്രാലയം അറിയിച്ചത്.
ചോദ്യത്തിൻ്റെ (c), (d), (e) ഭാഗങ്ങളിൽ പലകാര്യങ്ങളും വ്യക്തമായി ആവശ്യപ്പെട്ടിട്ടും, കേരളം ഉന്നയിച്ച ഇടപെടലുകൾ, ആശങ്കകൾ, അല്ലെങ്കിൽ അഭിപ്രായവ്യത്യാസങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും കേന്ദ്രം പരിഗണിച്ചില്ല.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ, സഹകരണ ഫെഡറലിസം, പൊതുവിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ഉത്തരവാദിത്തത്തിന് പകരം പൊതുവായ മറുപടികൾ നൽകുന്ന ഈ പ്രവണത ആശങ്കാജനകമാണെന്ന് വഹാബ് ചൂണ്ടിക്കാട്ടി.
ഈ വിഷയത്തെ കുറിച്ച്, ഇന്ന് കേന്ദ്രമന്ത്രി സഭയിൽ ബ്രിട്ടാസ്സിനെ കുറിച്ച നടത്തിയ പരാമർശം, കേന്ദ്ര സർക്കാരും ബിജെപി ഗവർന്മെന്റും തമ്മിലുള്ള അന്തർധാര എത്ര ശക്തമാണ് എന്ന് വെളിപ്പെടുത്തന്നതാണ് എന്ന് വഹാബ് വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

