ബംഗാളിലും തമിഴ്നാട്ടിലും പി.എം ശ്രീ; അതിവേഗ നീക്കവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഭരണമാറ്റത്തിനു പിന്നാലെ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം ശ്രീ നടപ്പാക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
ബി.ജെ.പി ഭരണം പിടിച്ച ബംഗാളിലെയും, ഡി.എം.കെക്ക് അധികാരം നഷ്ടമായ തമിഴ്നാട്ടിലെയും ചീഫ് സെക്രട്ടറിമാർക്ക് പി.എം ശ്രീ പദ്ധതി ധാരണപത്രത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രം കത്ത് നൽകും. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത സ്കൂളുകൾ മാതൃകാ വിദ്യാലയങ്ങളാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം ശ്രീയുടെ ഭാഗമാവാൻ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറും, തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാറും വിസമ്മതിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലും ഭരണമാറ്റം യാഥാർഥ്യമായതോടെയാണ് കേന്ദ്രത്തിന്റെ തിരക്കിട്ട നീക്കം. ബി.ജെ.പി ഭരണത്തിലേറുന്ന ബംഗാളിൽ പദ്ധതി കൊണ്ടുവരാൻ തടസ്സങ്ങളില്ല. എന്നാൽ, ഡി.എം.കെ മാറി, നടൻ വിജയിയുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തമിഴ്നാട്ടിലെ ഭാവി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
പി.എം ശ്രീയിൽ ഒപ്പുവെക്കാത്തതിന്റെ പേരിൽ കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾക്കുള്ള എസ്.എസ്.എ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കേരള സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാൻ രഹസ്യമായി നീങ്ങിയെങ്കിലും സി.പി.ഐ ഉൾപ്പെടെ ഘടകകക്ഷികളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം പുനഃപരിശോധിച്ച ശേഷം പിൻവാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

