75 വർഷം കൊണ്ട് ഇന്ത്യയുണ്ടാക്കിയതെല്ലാം പ്രധാനമന്ത്രി വിൽക്കുന്നു -രാഹുൽഗാന്ധി
text_fieldsന്യൂഡൽഹി: പൊതുസ്വത്ത് കുത്തകകൾക്ക് കൈമാറി നാലു വർഷം കൊണ്ട് ആറുലക്ഷം കോടി രൂപ സമാഹരിക്കാൻ മോദിസർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ ധനമന്ത്രി പി. ചിദംബരം എന്നിവർ വാർത്ത സമ്മേളനത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. 70 കൊല്ലമായി രാജ്യത്ത് ഒരു വികസനവുമില്ലെന്ന് പറയുന്നവർ തന്നെ രാജ്യത്തിന്‍റെ 70 കൊല്ലത്തെ ആസ്തികൾ വിൽക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
''യുക്തിസഹമായ സ്വകാര്യവത്കരണമാണ് കോൺഗ്രസ് നടത്തിയത്. റെയിൽവേ, വാതക പൈപ്പ്ലൈൻ, വൈദ്യുതി ലൈനുകൾ, ദേശീയപാതകൾ തുടങ്ങി നിർണായക മേഖലകൾ പതിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. നഷ്ടത്തിലോടുന്ന, വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താത്ത സ്ഥാപനങ്ങളാണ് കോൺഗ്രസ് സ്വകാര്യവത്കരിച്ചത്. സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ തൊട്ടില്ല.
ചങ്ങാതികളായ മൂന്നോ നാലോ വ്യവസായികെള കൊഴുപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിനകം ചില വിമാനത്താവളവും തുറമുഖവുമൊക്ക ആരുടെ കൈയിലേക്കാണ് പോയതെന്ന് എല്ലാവർക്കുമറിയാം. അവർക്കു തന്നെ വീണ്ടും തീറെഴുതുകയാണ്. ദേശീയ ധനസമാഹരണ പരിപാടി വ്യവസായികൾക്കുള്ള സൗജന്യ സമ്മാനമാണ്. വിൽപനക്കു വെക്കുന്ന മേഖലകളിലെ തൊഴിലവസരങ്ങൾ യുവാക്കൾക്ക് നഷ്ടപ്പെടും. യുവജനങ്ങൾക്ക് പണി നൽകുന്നത് കോർപറേറ്റുകളുടെ ഉത്തരവാദിത്തമല്ല. അനൗപചാരിക മേഖലയേയും ഇല്ലാതാക്കും'' -രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

