അഴിമതി തുടച്ചുനീക്കുന്നതിൽ ഇ.ഡി ഗംഭീര വിജയമെന്ന് മോദി; പ്രതിപക്ഷത്തിന് വിമർശനം
text_fieldsന്യൂഡൽഹി: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അന്വേഷണ ഏജൻസി ശക്തമായ നടപടികൾ തുടരുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ഭയപ്പാടിലാണെന്നും മോദി പരിഹസിച്ചു. അഴിമതിക്കെതിരെ അണുവിട വിട്ടവീഴ്ചയില്ലെന്ന് എന്ന് വ്യക്തമാക്കിയ മോദി അതാണ് തന്റെ സർക്കാരിന്റെ നയമെന്നും സൂചിപ്പിച്ചു.
അഴിമതിക്കെതിരെ കുറ്റമറ്റ നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ ഏജൻസികളെ സ്വതന്ത്രരാക്കണം. 2014നു മുമ്പ് അന്വേഷണ ഏജൻസികൾ ഇന്ന് കാണുന്ന രീതിയിലായിരുന്നില്ല. യു.പി.എ ഭരണകാലത്ത് അഴിമതിക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് വളരെ കുറവായിരുന്നു. അന്ന് 1800 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 10 വർഷം കൊണ്ട് 4700 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2014 വരെ 5000 കോടി രൂപയുടെ ആസ്തി മാത്രമാണ് കണ്ടുകെട്ടിയതെങ്കിൽ 10 വർഷം കൊണ്ട് ഒരു ലക്ഷം കോടിയിലേറെ ആസ്തിയായി വർധിച്ചു.-മോദി വ്യക്തമാക്കി.
ഭീകരസംഘടനകൾക്ക് പണം നൽകൽ, സൈബർ കുറ്റകൃത്യങ്ങൾ, നാർകോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇ.ഡി നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയവരുടെ 1000 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. ഇത്തരത്തിലുള്ള മാതൃകപരമായ പ്രവർത്തനങ്ങൾ ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് സ്വാഭാവികമാണെന്നും പ്രതിപക്ഷത്തെ സൂചിപ്പിച്ച് മോദി പറഞ്ഞു. അവർ രാവും പകലും മോദിയെ അധിക്ഷേപിക്കുന്നതിലാണ് സമയം പോക്കുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം കടലാസിൽ കണക്കു കൂട്ടി സ്വപ്‌നങ്ങൾ നെയ്യുമ്പോൾ മോദി സ്വപ്നങ്ങൾക്കപ്പുറമുള്ള വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

