Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-യു.എസ് പങ്കാളിത്തം ശക്തമാക്കും; തീരുവ ഭീഷണിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെ.ഡി. വാൻസും ചർച്ച നടത്തി

text_fields
bookmark_border
JD Vans, Narendra Modi
cancel
camera_alt

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ-യു.എസ് സമഗ്ര ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഫോണിൽ ചർച്ച നടത്തി. ഇന്ത്യൻ സമയം ശനിയാഴ്ചയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം നടന്നത്. ആഗോളതലത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ഇരുനേതാക്കളുടെയും ആശയവിനിമയം.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്കിടയിൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കാൻ വാഷിങ്ങ്ടൺ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ജെ.ഡി. വാൻസ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ മേലുള്ള സമ്മർദ്ദം തുടരുന്നതിനൊപ്പം, കടലിടുക്കിലൂടെ എണ്ണയുടെ ഒഴുക്ക് പരമാവധി ഉറപ്പാക്കാനാണ് യു.എസ് ശ്രമിക്കുന്നത്. എന്നാൽ ഇറാനിയൻ ഭരണകൂടത്തിന്റെ വാഗ്‌ദാനങ്ങളിൽ പൂർണ വിശ്വാസമില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വാൻസ്‌ സൂചിപ്പിച്ചു.

അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നത് തുടരുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ യു.എസ് പ്രസിഡന്റിന് അധികാരം നൽകുന്ന നിർണായക ബിൽ യു.എസ് സെനറ്റ് പാസാക്കി. യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സാമ്പത്തികമായി സഹായിക്കുന്ന വ്യാപാരങ്ങൾ തടയുക ലക്ഷ്യമിട്ട് കൊണ്ടുവന്നിട്ടുള്ള ബിൽ 11 നെ​തി​രെ 86 വോ​ട്ടു​ക​ൾ​ക്കാ​ണ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ച​ത്.

റഷ്യൻ എണ്ണയോ പ്രകൃതിവാതകമോ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ആദ്യ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100% വരെ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമുണ്ട്. നിലവിൽ ചൈന, ഇന്ത്യ, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, മുതിർന്ന ഉദ്യോഗസ്ഥർ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവർക്കെതിരെയുള്ള ഉപരോധങ്ങൾ ബിൽ കർശനമാക്കുന്നു. കൂടാതെ, 1996ലെ ഇറാൻ ഉപരോധ നിയമത്തിന്റെ കാലാവധി 2031 വരെ നീട്ടുകയും ചെയ്യുന്നു.

റഷ്യൻ ഊർജ്ജം വാങ്ങുന്നത് തുടരുകയോ അല്ലെങ്കിൽ അമേരിക്കൻ വിപണിയിലെ വ്യാപാര ആനുകൂല്യങ്ങൾ നിലനിർത്തുകയോ ചെയ്യുക എന്ന നിർണായക തെരഞ്ഞെടുപ്പിലേക്ക് ഈ നിയമം രാജ്യങ്ങളെ തള്ളിവിടുമെന്നാണ് ബിൽ പാസാക്കിയ വക്താക്കൾ അഭിപ്രായപ്പെടുന്നത്.

2022ൽ യുക്രൈൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ, ആഗോള വിപണിയിലെ വിലക്കയറ്റത്തെയും അസ്ഥിരതയെയും തുടർന്ന് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ മുൻനിർത്തിയാണ് ഇന്ത്യ റഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ അസംസ്‌കൃത എണ്ണ (Crude Oil) വാങ്ങാൻ തുടങ്ങിയത്. പരമ്പരാഗതമായി റഷ്യ ഇന്ത്യയുടെ പ്രധാന എണ്ണക്കച്ചവട പങ്കാളിയായിരുന്നില്ലെങ്കിലും, ഇറക്കുമതി ചെലവ് കുറക്കാനും ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത തടസമില്ലാതെ ഉറപ്പാക്കാനും ഇത് സഹായിച്ചു. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും സാധാരണക്കാരായ പൗരന്മാർക്ക് താങ്ങാനാവുന്ന വിലയിൽ ഇന്ധനം ലഭ്യമാക്കുക എന്ന ദേശീയ താല്പര്യവുമാണ് ഇത്തരം നയങ്ങൾക്ക് പിന്നിലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഇന്ത്യ-യു.എസ് പങ്കാളിത്തം ശക്തമാക്കും; തീരുവ ഭീഷണിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെ.ഡി. വാൻസും ചർച്ച നടത്തി
Next Story