ഡൽഹി തെരഞ്ഞെടുപ്പ് കണ്ട് പ്രചാരണ പ്രസംഗം
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ സംസാരിക്കുന്നു
പരസ്യപ്രചാരണം അവസാനിച്ച ഡൽഹി ബൂത്തിലേക്ക് നീങ്ങാൻ 12 മണിക്കൂർ മാത്രം ബാക്കിനിൽക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വോട്ടർമാരെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിൽ ശീഷ് മഹലും ഡൽഹി മെട്രോയും കടന്നുവന്നു. കെജ്രിവാൾ തന്റെ ആഡംബര വീട്ടിലെ ബാത്ത്റൂമിൽ വെച്ച ഷവറിനെ ഓർമിപ്പിച്ച് തന്റെ ശ്രദ്ധ പാവങ്ങൾക്ക് വെള്ളമെത്തിക്കാനാണെന്ന് മോദി പറഞ്ഞു. പ്രസംഗം കേട്ടിറങ്ങിയ പ്രതിപക്ഷ നേതാക്കൾ മോദി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തെ ചോദ്യംചെയ്തു.
പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ മൗനം
ന്യൂഡൽഹി: ഗാന്ധി കുടുംബത്തിനുനേരെ പതിവുപോലെ പരിഹാസം തുടർന്ന പ്രധാനമന്ത്രി, തെരഞ്ഞെടുപ്പ് കമീഷനെ വരുതിയിലാക്കിയതും മഹാരാഷ്ട്രയിൽ 70 ലക്ഷം വോട്ടു ചേർത്തതും മഹാകുംഭമേളയിൽ മരിച്ചവരുടെ കണക്ക് പറയാത്തതും അടക്കം പ്രതിപക്ഷം ഉന്നയിച്ച സുപ്രധാന വിഷയങ്ങൾക്കൊന്നും മറുപടി പ്രസംഗത്തിൽ മറുപടി നൽകിയില്ല. ഹരിയാനയിലേതുപോലെ മഹാരാഷ്ട്രയിലും ബി.ജെ.പി അഭൂതപൂർവമായ ജയം നേടിയെന്ന് പറഞ്ഞപ്പോൾ 70 ലക്ഷം വോട്ട് എങ്ങനെ കൂടുതൽ വന്നുവെന്ന് പ്രതിപക്ഷം ഒന്നടങ്കം വിളിച്ചുചോദിച്ചു. എന്നാൽ, അതേക്കുറിച്ച് നരേന്ദ്ര മോദി ഒന്നും പ്രതികരിച്ചില്ല. രാജ്യം ഉൽപാദനത്തിൽ ഊന്നി ചൈനയെ മറികടക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശത്തെ 16 കോടി ജനങ്ങൾക്ക് കുടിവെള്ളമില്ലാത്ത രാജ്യത്ത് എല്ലാ വീടുകളിലും വെള്ളമെത്തിക്കാനാണ് തന്റെ ഫോക്കസ് എന്ന് പറഞ്ഞ് മോദി നേരിട്ടു.
മഹാകുംഭമേളയിൽ മരിച്ച മനുഷ്യരുടെ എണ്ണം പറയുകയോ അവരോട് അനുശോചനം രേഖപ്പെടുത്തുകയോ ചെയ്യാത്ത പ്രധാനമന്ത്രിയുടെ നടപടി അങ്ങേയറ്റം ഖേദകരമാണെന്ന് വിഷയം നന്ദിപ്രമേയ ചർച്ചയിലുന്നയിച്ച അഖിലേഷ് യാദവ് പറഞ്ഞു. തങ്ങൾ വിഷയമുന്നയിച്ചിട്ടും രണ്ട് മിനിറ്റ് മൗനമാചരിക്കാൻ അപേക്ഷിച്ചിട്ടും മഹാകുംഭമേളയിൽ മരിച്ചവരെ അനുസ്മരിക്കാനോ അവർക്കുവേണ്ടി മൗനമാചരിക്കാനോ മോദി തയാറായില്ലെന്ന് യാദവ് കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.