‘മൻ കി ബാത്’ സെഞ്ച്വറിയിൽ; ഒപ്പം 100 രൂപ നാണയം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ‘മൻ കി ബാത്’ പരിപാടിയിലൂടെ 100 റേഡിയോ പ്രഭാഷണങ്ങൾ പൂർത്തിയാക്കുന്നത് വൻകിട ആഘോഷമാക്കാൻ ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിന്റെയും ഒരുക്കം. ഈ മാസം 30നാണ് 100ാമത്തെ പ്രഭാഷണം. ഇതു പ്രമാണിച്ച് 100 രൂപയുടെ സ്മാരക നാണയം സർക്കാർ പുറത്തിറക്കുമ്പോൾ, മണ്ഡലാടിസ്ഥാനത്തിൽ 100 വീതം പ്രചാരണ പരിപാടികൾ നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം.
100 രൂപ നാണയത്തിൽ മൻ കി ബാത്തിനെ അനുസ്മരിപ്പിക്കുന്ന ലോഗോ ഉണ്ടാകും. മൈക്രോഫോൺ, റേഡിയോ തരംഗങ്ങൾ, 2023 വർഷം എന്നിവ ഇതിൽ ആലേഖനം ചെയ്യും.
ഇംഗ്ലീഷിലും ദേവനാഗരിയിലും മൻ കി ബാത് എന്ന് എഴുതിയിട്ടുണ്ടാവും. 35 ഗ്രാം വരുന്ന നാണയം ഭാഗികമായി വെള്ളിയിലാണ്. 2014 ഒക്ടോബർ മൂന്നിനാണ് മൻ കി ബാത്തിന് മോദി തുടക്കമിട്ടത്.

