മമത ബാനർജിയെ 'നിർമമത'യെന്ന് ആക്ഷേപിച്ച് പ്രധാനമന്ത്രി മോദി
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ 'നിർമമത'യെന്ന് വിളിച്ച് ആക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുർഷിദാബാദിലും മാൽഡയിലും ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
'പശ്ചിമബംഗാൾ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. വ്യാപകമായ അക്രമങ്ങളും നിയമരാഹിത്യവും ജനജീവിതത്തിന്‍റെ താളം തെറ്റിച്ചിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് സർക്കാറിന്‍റെ ജനങ്ങളോടുള്ള ക്രൂരതയും പക്ഷപാതവും വെളിപ്പെടുത്തുന്നതാണ് മുർഷിദാബാദിലും മാൽഡയിലും നടന്ന സംഭവ വികാസങ്ങൾ.' ബംഗാളിലെ അലിപുർദാറിൽ സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മുർഷിദാബാദിലെ വർഗീയ സംഘർഷങ്ങൾക്ക് പ്രാദേശിക നേതാക്കളെയും എം.എൽ.എമാരേയും കൗൺസിലർമാരേയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടാണ് കൽക്കട്ട ഹൈകോടതി കമ്മിറ്റി നിയമിച്ച വസ്തുതാന്വേഷണ കമ്മിറ്റി സമർപ്പിച്ചത്. കലാപം നടക്കുന്ന സമയത്ത് ബംഗാൾ പൊലീസ് കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
കലാപവും റിപ്പോർട്ടും എല്ലാം അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിൽ ബി.ജെ.പി തുറുപ്പുചീട്ടായി ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ഇഷ്ടക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് മമത ചെയ്യുന്നതെന്നും ഹിന്ദുക്കളെ സംരക്ഷിക്കുന്നതിൽ പരാജയമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
ബംഗാളിന് തൃണമൂൽ കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

