മെട്രോ സർവീസ് റദ്ദാക്കി, റോഡുകൾ അടച്ചു; മുംബൈയിൽ ജനത്തെ വലച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ
text_fieldsമുംബൈ: ജനത്തെ കൊടുംദുരിതത്തിലാക്കി മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോയെ തുടർന്ന് വെർസോവ മുതൽ ഖട്കൊപാർ ലൈൻ1 വരെയുള്ള മെട്രോ സർവീസ് റദ്ദാക്കി. തുടർന്ന് വെർസോവ, അന്ധേരി, ഖട്കൊപാർ എന്നിവിടങ്ങളിലെ മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർ വലഞ്ഞു.
വൈകീട്ട് ആറിനാണ് ജഗ്രുതി നഗറിൽ നിന്ന് ഖട്കൊപാറിലേക്കുള്ള സർവീസ് റദ്ദാക്കിയത്. റോഡ് ഷോ നടക്കുമ്പോഴുള്ള സുരക്ഷ പ്രശ്നങ്ങൾ മുൻനിർത്തിയാണ് മെട്രോ സർവീസ് റദ്ദാക്കിയത്. സർവീസ് റദ്ദാക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ് ഇക്കാര്യം അറിയിച്ചത് തന്നെ. അപ്പോഴേക്കും മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. ബദൽ ഗതാഗത സംവിധാനങ്ങൾ കിട്ടാതെ ഇവർ വലഞ്ഞു.
പലരും പരസ്യമായി അസ്വസ്ഥത പ്രകടിപ്പിച്ചു. മെട്രോ സർവീസ് റദ്ദാക്കുകയാണെങ്കിൽ കുറച്ചു കൂടി നേരത്തേ അറിയിക്കേണ്ടിയിരുന്നുവെങ്കിൽ എങ്കിൽ തങ്ങൾക്ക് ബദൽ യാത്ര സൗകര്യങ്ങൾ തേടാമായിരുന്നുവെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ റോഡ്ഷോ മൂലം ജനങ്ങളുടെ ദൈനംദിന ജീവിതം താളംതെറ്റി. പലർക്കും സമയത്തിന് വീട്ടിലെത്താൻ സാധിച്ചില്ല. പകരം വണ്ടി കിട്ടാത്തതിനാൽ നിരവധി ആളുകൾക്ക് മെട്രോസ്റ്റേഷനിൽ തന്നെ നിൽക്കേണ്ടിവന്നു. ഓട്ടോറിക്ഷകൾ പോലും ലഭ്യമായിരുന്നില്ല. ജനങ്ങളുടെ സമയംപാഴാക്കാനുള്ള ഒന്നായി റോഡ് ഷോ മാറിയെന്ന് അന്ധേരിയിലേക്കുള്ള യാത്രക്കാർ പരാതിപ്പെട്ടു. ''വീട്ടിൽ ഞങ്ങളെ കാത്ത് കുട്ടികൾ ഇരിപ്പുണ്ട്. ഒരുവിധേനയും ഞങ്ങൾക്ക് വീട്ടിലേക്ക് പോകാനായില്ല.''-ഒരു യാത്രക്കാരൻ പറഞ്ഞു.
മെട്രോസർവീസ് റദ്ദാക്കിയതിനു പിന്നാലെ വാർസോവ-ജാഗ്രുതി നഗർ റൂട്ടിലെ ട്രെയിൻ ഗതാഗതത്തിൽ 10-15 മിനിറ്റിന്റെ ഇടവേളയുണ്ടായി. റോഡ്ഷോ കാരണം എൽ.ബി.എസ് റോഡും മഹുൽ-ഛക്ത്കൊപാർ റോഡും മുംബൈ ട്രാഫിസ് പൊലീസ് അടച്ചു. ഇത് ഗതാഗത പ്രശ്നം കൂടുതൽ സങ്കീർണമാക്കി.
ഒരു മുന്നറിയിപ്പുമില്ലാതെ മെട്രോ സർവീസ് റദ്ദാക്കി യാത്രക്കാരെ ദുരിതത്തിലാക്കിയതിന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. ബി.ജെ.പി മുംബൈയിലെത്തിയാൽ ഇങ്ങനെ കലാപമുണ്ടാകുമെന്ന് ശിവസേന പറഞ്ഞു. ഒന്നരമണിക്കൂറിനു ശേഷം മെട്രോസർവീസ് പുനഃസ്ഥാപിച്ചു. അപ്പോഴും സ്റ്റേഷനുകളിൽ വൻ ജനക്കൂട്ടമുണ്ടായിരുന്നു. മേയ് 20നാണ് മുംബൈയിൽ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

