വകുപ്പു തല അന്വേഷണത്തെ ചോദ്യം ചെയ്ത് മുഹമ്മദ് മുഹ്സിൻ
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടർ പരിശോധിച്ച് നടപടി നേരിട്ട തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ തത്കാലത്തേക്ക് വകുപ്പുതല അന്വേഷണം ആരംഭിക്കരുതെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബംഗളൂരു ബെഞ്ച് നിർദേശിച്ചു. നിലവിലെ സ്ഥിതി തുടരാനും മറ്റുകാര്യങ്ങളിലേക്ക് സർക്കാർ കടക്കരുതെന്നുമാണ് മുഹമ്മദ് മുഹ്സിെൻറ ഹരജി പരിഗണിച്ച ട്രൈബ്യൂണൽ ഉത്തരവിട്ടത്.
ഒഡിഷയിലെ സംബാൽപുരിൽ മോദി സഞ്ചരിച്ച ഹെലികോപ്ടറിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുത്തത്. സസ്പെൻഡ് ചെയ്ത നടപടി നേരത്തെ ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ, സസ്പെൻഷൻ നടപടി പിൻവലിച്ച് തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്നും മുഹ്സിനെ നീക്കുകയായിരുന്നു. അതോടൊപ്പം വകുപ്പുതല അന്വേഷണം നടത്താൻ കർണാടക സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തന്നോട് വിശദീകരണം തേടാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും തെറ്റായ ആരോപണങ്ങളെ തുടർന്നാണ് സസ്പെൻഡ് ചെയ്തതെന്നും ചൂണ്ടിക്കാണിച്ചാണ് വകുപ്പു തല അന്വേഷണത്തെ ചോദ്യം ചെയ്ത് മുഹമ്മദ് മുഹ്സിൻ ട്രൈബ്യൂണലിനെ സമീപിച്ചത്.
രാവിലെ 10.22ന് ആയിരുന്നു താൻ സ്ഥലത്തുണ്ടായിരുന്നതെന്നും 10.50ന് മറ്റൊരു പരിപാടിക്കായി പോയെന്നും പ്രധാനമന്ത്രി 11 മണിക്കാണ് എത്തിയതെന്നും ആ സമയം താൻ അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് മുഹ്സിൻ ട്രൈബ്യൂണലിനോട് വ്യക്തമാക്കിയത്. വിശദീകരണം തേടാതെ പെട്ടെന്നുള്ള ഏകപക്ഷീയമായ നടപടി നിലനിൽക്കുന്നതല്ലെന്ന വാദം ട്രൈബ്യൂണൽ മുഖവിലക്കെടുക്കുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
