Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞാൻ പറയുന്നത് 56...

'ഞാൻ പറയുന്നത് 56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല'; രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ പരിഹാസവുമായി നരേന്ദ്ര മോദി

text_fields
bookmark_border
narendra modi
cancel
camera_alt

നരേന്ദ്ര മോദി

ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന് പുറത്ത് നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കളുടെ നേട്ടങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് വാചാലനായ പ്രധാനമന്ത്രി, പരീക്ഷാ ക്രമക്കേടുകൾ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ നിരന്തരം ശബ്ദമുയർത്തുന്ന രാഹുൽ ഗാന്ധിയെ ‘56കാരനായ യുവാവ്’ എന്ന് വിശേഷിപ്പിച്ചാണ് പരിഹസിച്ചത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയറോസ്പേസിന്റെ 'വിക്രം-1' റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ചുള്ള പരാമർശത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. കഴിഞ്ഞ വാരാന്ത്യത്തില്‍ ഭ്രമണപഥത്തില്‍ എത്തിയ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ 'വിക്രം-1' ലൂടെ ചരിത്രം കുറിച്ച സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌കൈറൂട്ട് എയറോസ്പേസിലെ ജീവനക്കാരുടെ ശരാശരി പ്രായം 28 വയസ്സാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു. യുവനേതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട്, താന്‍ ഏതെങ്കിലും ‘56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല’ സംസാരിക്കുന്നതെന്ന് പറഞ്ഞ് പരോക്ഷമായാണ് പരിഹസിച്ചത്.

പ്രതിപക്ഷം നീറ്റ് പരീക്ഷാ ക്രമക്കേടുകൾ, ഇന്ധന വിലക്കയറ്റം, അയോധ്യയിലെ രാമക്ഷേത്ര സംഭാവന വിവാദം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ തയാറെടുക്കുന്നതിനിടെ, പാർലമെന്റിലെ ചർച്ചകൾ യുക്തിക്കും വസ്തുതകൾക്കും അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘വസ്തുതകൾ ഉള്ളിടത്ത് ബഹളത്തിന്റെ ആവശ്യമില്ല. നിങ്ങളുടെ യുക്തിയും വസ്തുതകളും ശക്തമാണെങ്കിൽ ശബ്ദമുയർത്തേണ്ടതില്ല’ -മോദി വ്യക്തമാക്കി. എല്ലാ പാർലമെന്റംഗങ്ങളും പാർട്ടി ഭേദമന്യേ രാജ്യത്തിന്റെ പുരോഗതിക്കായി ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും എല്ലാ അഭിപ്രായങ്ങളെയും മാനിക്കുന്ന രീതിയിൽ സഭാനടപടികൾ മുന്നോട്ടുപോകണമെന്നും മോദി ആഹ്വാനം ചെയ്തു.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ഉച്ചവരെ നിർത്തിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേട്, സോനം വാങ്ചുക്കിന്റെ നിരാഹാര സമരം, ഇ20 ഇന്ധനനയം, രാമക്ഷേത്ര കൊള്ള തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതോടെ സഭ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു

ചോ​ദ്യോത്തരവേള ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷ എം.പിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും പ്ലക്കാർഡുകളുമായെത്തിയ അംഗങ്ങൾ അടിയന്തര ചർച്ച ആവശ്യപ്പെട്ടെങ്കിലും സഭാ നടപടികളുമായി മുന്നോട്ടുപോകാൻ സ്പീക്കർ ഓം ബിർള ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പ്രതിഷേധം തുടരുകയും പ്രതിപക്ഷ അംഗങ്ങൾ ബഹളം വെക്കുകയും ചെയ്തതോടെയാണ് സഭ ഉച്ചവരെ നിർത്തിവെച്ചത്.

അതേസമയം, നിരവധി സുപ്രധാന ബില്ലുകൾ പാസാക്കുകയെന്നതാണ് സർക്കാറിന്റെ ലക്ഷ്യം. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്.സി.ആർ.എ) ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവ ഉൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. വന്ദേ മാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ ദേശീയ ഗീതത്തെ അപമാനിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷയായി നൽകാൻ വ്യവസ്ഥ ചെയ്യുന്ന ദേശീയ ബഹുമതികൾക്ക് അപമാനം തടയൽ (ഭേദഗതി) ബില്ലാണ് അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiIndiaParliament monsoon sessionRahul GandhiSkyroot Aerospace
News Summary - Amid Skyroot praise, PM Modi's '56-year-old youth' jibe at Rahul Gandhi
Next Story