ബന്ധം കുറച്ചു കൂടി നന്നാക്കണം -യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന് മോദിയുടെ കത്ത്
text_fieldsന്യൂഡൽഹി: ഇന്ത്യയും യു.എ.ഇയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സെയ്ദ് ആൽ നഹ്‍യാന് കത്തയച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ആണ് മോദിയുടെ കത്ത് യു.എ.ഇ പ്രസിഡന്റിന് കൈമാറിയത്. വെള്ളിയാഴ്ചയാണ് ജയ്ശങ്കർ ഗൾഫ് രാഷ്ട്രങ്ങളിലെ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഇന്ത്യ-യു.എ.ഇ സംയുക്ത കമ്മിറ്റിയുടെ 14ാം സെഷൻ സമ്മേളനത്തിന്റെ ഭാഗമായാണ് ജയ്ശങ്കർ യു.എ.ഇയിലെത്തിയത്. അതോടൊപ്പം യു.എ.ഇ-ഇന്ത്യ സ്ട്രാറ്റജിക് സെഷന്റെ മൂന്നാമത്തെ സമ്മേളനവും നടന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം മെച്ചപ്പെടുത്തണമെന്നാണ് മോദി ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതും പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനായി അവയെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളുമാണ് കത്തിലുള്ളതെന്ന് യു.എ.ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
2021-22 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 7200 ഡോളറായിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി കേന്ദ്രവുമാണ് യു.എ.ഇ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

