രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്യുംമുമ്പ് മോദി കോവിഡിനെപറ്റി മുന്നറിയിപ്പ് നൽകി -പ്രകാശ് ജാവദേക്കർ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. ജനുവരി 30നാണ് കോവിഡ് കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ, അതിന് മുമ്പെ വൈറസ് ലോകമെമ്പാടും പടർന്നുപിടിക്കുമെന്നും വലിയ അപകടകാരിയാണെന്നും മോദി വ്യക്തമാക്കിയിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സെൻട്രൽ ഗുജ്റാത്തിലെ വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആരും കഴിഞ്ഞ കൊല്ലം അവസാനം വരെ കൊറോണ വൈറസിനെപ്പറ്റി കേട്ടിരുന്നില്ല, ഇന്ത്യയില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30നാണ്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പെ എല്ലാ മന്ത്രിസഭാ യോഗങ്ങളിലും വൈറസിനെപ്പറ്റി മോദി ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു. വൈറസിനെ നേരിടാനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളെ സ്നേഹിക്കുന്ന ഒരു നേതാവിെൻറ ഗുണങ്ങൾ ആണത്. - ജാവ്‌ദേക്കര്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 10,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ് . 24 മണിക്കൂറിനിടെ 396 പേരാണ് രോഗം ബാധിച്ച് മരിച്ചത്. പുതിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുമ്പോഴും ഇന്ത്യയിൽ സമൂഹവ്യാപനം ഇല്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ആരോഗ്യമന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും. രോഗവ്യാപനത്തിെൻറ തോത് താരതമ്യേന കുറവാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,97,535 ആയി. നിലവിൽ 1,41,842 പേർ ചികിത്സയിലുണ്ട്.