ഡൽഹി സ്ഫോടനം; കുറ്റക്കാരെ വെറുതെ വിടില്ല, ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
text_fieldsനരേന്ദ്രമോദി
ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം ഏറെ വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മോദി.
‘ഇന്ന്, ദുഖഭരിതമായ ഹൃദയത്തോടെയാണ് ഞാനിവിടെ വരുന്നത്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും വളരെയധികം ദുഃഖത്തിലാഴ്തിയിരിക്കുകയാണ്. ദുരിതബാധിത കുടുംബങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ഇന്ന് മുഴുവൻ രാഷ്ട്രവും അവരോടൊപ്പം നിൽക്കുന്നു. കഴിഞ്ഞ രാത്രി സംഭവം അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഞാൻ ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ അന്വേഷണ ഏജൻസികൾ ഈ ഗൂഢാലോചനയുടെ അടിത്തട്ടിലേക്ക് എത്തും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും,’- പ്രധാനമന്ത്രി മോദി പറഞ്ഞു.
അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം തുടരുകയാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻ.ഐ.എ ഡി.ജി സദാനന്ദ് വസന്ത് ദത്തേ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. ജമ്മു കശ്മീർ ഡി.ജി.പി നളിൻ പ്രഭാത് യോഗത്തിൽ വെർച്വലായി പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

