'അമ്മ എന്നത് വെറുമൊരു വാക്കല്ല, ഒരായിരം വികാരങ്ങളുടെ പ്രതിഫലനം'- 99ാം പിറന്നാളിൽ അമ്മയെ സന്ദർശിച്ച് നരേന്ദ്രമോദി
text_fieldsന്യൂഡൽഹി: അമ്മയുടെ 99ാം പിറന്നാൾ ദിനം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പിറന്നാളിനോടനുബന്ധിച്ച് അമ്മ ഹീരബെന്നിനെ കാണാൻ ഗുജറാത്തിലെ ഗാന്ധിനഗറിലെ വീട്ടിൽ മോദിയെത്തി. അമ്മയുടെ കാലിൽ വീണ് അനുഗ്രഹം തേടുകയും ചെയ്തു. അതിനുശേഷം വികാരനിർഭരമായ കുറിപ്പും മോദി ട്വിറ്ററിൽ പങ്കുവെച്ചു.
''അമ്മ...എന്നത് വെറുമൊരു വാക്കല്ല. പലതരം വികാരങ്ങൾ പ്രതിഫലിക്കുന്നതാണത്. ഇന്ന് എന്റെ അമ്മയുടെ 99ാം പിറന്നാളാണ്. ഈ സവിശേഷ ദിനത്തിൽ സന്തോഷവും കൃതജ്ഞതയും കലർന്ന കാര്യങ്ങൾ കുറിക്കാൻ ആഗ്രഹിക്കുന്നു''-മോദി ട്വീറ്റ് ചെയ്തു.
അമ്മക്ക് നൂറാംപിറന്നാൾ ആശംസിക്കുമ്പോൾ ഏറെ സന്തോഷവും ഭാഗ്യവും തോന്നുന്നു. എന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹവും കഴിഞ്ഞാഴ്ച നൂറാം ജന്മദിനം ആഘോഷിച്ചേനെ. അമ്മ ഈ ലോകത്ത് നൂറുവർഷം തികക്കാൻ പോകുന്ന 2022 എനിക്ക് സ്‍പെഷ്യൽ ആണ്''-മോദി കുറിച്ചു.
''വഡ്നഗറിലെ ഒരു ചെറിയ മൺവീട്ടിലാണ് ഞങ്ങൾ താമസിച്ചത്. കളിമൺ ഓടുകൾ പാകിയ മേൽക്കൂര ആയതിനാൽ മഴ പെയ്യുമ്പോൾ വെള്ളം മുഴുവൻ വീടിനകത്തായിരിക്കും. ചോർച്ചയുള്ളിടത്തെല്ലാം അമ്മ ബക്കറ്റുകളും പാത്രങ്ങളും നിരത്തിവയ്ക്കും. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും സഹിഷ്ണുതയുടെ പ്രതീകമായിരുന്നു അമ്മ. വരുമാനത്തിനായി പല വീടുകളിലും പാത്രങ്ങൾ കഴുകാനും ചർക്ക കറക്കാനും അമ്മ പോയിട്ടുണ്ട്'' മോദി വിവരിച്ചു.
1923 ജൂൺ 18നാണ് ഹീരാബെൻ ജനിച്ചത്. ഹീരാബെന്നിന്റെ ജൻമദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ജൻമനഗരമായ വഡനഗറിൽ പ്രത്യേകപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ ഭക്ഷണം നൽകാനും മോദിയുടെ കുടുംബം തീരുമാനിച്ചിട്ടുണ്ട്. ഗാന്ധിനഗറിൽ മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പമാണ് ഹീരാബെൻ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

