Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിക്ക് ചായ നൽകിയ കപ്പ് പൂജാമുറിയിൽ; പ്രധാനമന്ത്രി വീട് സന്ദർശിച്ച കുടുംബം ഇന്ന് കടക്കെണിയിൽ

text_fields
bookmark_border
മോദിക്ക് ചായ നൽകിയ കപ്പ് പൂജാമുറിയിൽ; പ്രധാനമന്ത്രി വീട് സന്ദർശിച്ച കുടുംബം ഇന്ന് കടക്കെണിയിൽ
cancel

അയോധ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീട്ടിലെത്തി ചായ കുടിച്ച് ദേശീയശ്രദ്ധ നേടിയ മീര മാഞ്ചിയുടെ കുടുംബം ഇന്ന് കടക്കെണിയിൽ. 2023 ഡിസംബർ 30നായിരുന്നു പ്രധാനമന്ത്രി അയോധ്യയിലെ മീര മാഞ്ചിയുടെ വീട്ടിലെത്തി ചായ കുടിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താവായ മീരയെ അഭിനന്ദിക്കാനായിരുന്നു മോദി സന്ദർശനം നടത്തിയത്. എന്നാൽ മോദിയുടെ സന്ദർശനത്തിന് ശേഷവും തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടില്ലെന്നും ഉപജീവനത്തിനായി എടുത്ത വായ്പ തിരിച്ചടക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും മീര പറഞ്ഞു.

വീട് സന്ദർശിച്ചപ്പോൾ കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങൾ ചോദിച്ചറിഞ്ഞ മോദി, താനും ഒരുകാലത്ത് ചായ വിറ്റിരുന്നയാളാണെന്ന് പറഞ്ഞിരുന്നത്രെ. പ്രധാനമന്ത്രിക്ക് ചായ നൽകിയ കപ്പ് ഇന്നും വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് വിവരം. മീര പൂക്കൾ വിറ്റായിരുന്നു കുടുംബം പുലർത്തിയിരുന്നത്. ഭർത്താവ് സൂരജ് കുമാർ മാഞ്ചി കൂലിപ്പണിക്കാരനായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം ജില്ല മജിസ്ട്രേറ്റും ബാങ്ക് ഉദ്യോഗസ്ഥരുമടക്കമുള്ളവർ വീട്ടിലെത്തി കുടുംബത്തെ കണ്ടിരുന്നു. പൂവിൽപനക്കായി സ്ഥലം ഏർപ്പെടുത്തുമെന്നും ഭർത്താവിന് ഉപജീവനമാർഗത്തിനായി വള്ളം വാങ്ങി നൽകുമെന്നും അന്ന് വാഗ്ദാനം നൽകിയിരുന്നു.

എന്നാൽ, പിന്നീട് ഈ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. അധികൃതരെ സമീപിച്ചപ്പോൾ വള്ളം നിർമിക്കാൻ പണം വായ്പ നൽകുകയാണ് ചെയ്തത്. തങ്ങൾക്ക് പണം വായ്പയായി നൽകണമെന്നല്ല, സ്ഥിരമായ തൊഴിൽ കണ്ടെത്തി നൽകണമെന്നായിരുന്നു ആവശ്യമെന്നും മീര പറയുന്നു. ആദ്യഘട്ടത്തിൽ 2,61,250 രൂപയും പിന്നീട് 23,750 രൂപയും ഉൾപ്പെടെ ആകെ 2,85,000 രൂപയാണ് വായ്പയായി ലഭിച്ചത്. ഇതുപയോഗിച്ചാണ് വള്ളം നിർമിച്ചത്. വള്ളത്തിൽനിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് തവണകളായി വായ്പ തിരിച്ചടച്ചുവരികയായിരുന്നു. എന്നാൽ, ആവശ്യത്തിന് വരുമാനം ലഭിക്കാതായതോടെ തിരിച്ചടവ് മുടങ്ങുകയും ബാങ്കിൽനിന്ന് നോട്ടീസ് അയക്കുകയും ചെയ്തു.

അയോധ്യയിൽനിന്ന് വാരാണസിയിലേക്കുള്ള വലിയ ക്രൂയിസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും സർവിസ് നടത്തുന്നതോടെ പരമ്പരാഗതമായി വള്ളം തുഴഞ്ഞ് ഉപജീവനം കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയിട്ടുണ്ട്. പ്രതിസന്ധികൾ വർധിച്ചതോടെ ഈ ഉപജീവനമാർഗം ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗവും ഇല്ലാതായി. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യവും ചൂണ്ടിക്കാട്ടി മീര പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും മാസങ്ങളായി കത്തുകളയക്കുന്നുണ്ട്.

ഒക്ടോബർ 28ന് അയോധ്യയിൽ കോൺഗ്രസ് നേതാവ് ശരദ് ശുക്ല വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മീര കുടുംബം നേരിടുന്ന ദുരിതങ്ങൾ തുറന്നുപറഞ്ഞത്. മൂന്ന് കുട്ടികളുള്ള കുടുംബത്തിന് ഭക്ഷണത്തിനുപോലും പ്രയാസം നേരിടുന്നുണ്ടെന്നും വായ്പാ തിരിച്ചടവിന്റെ പേരിൽ ഏജന്റുമാർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇവർ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ayodhya Tea Host Faces Financial Crisis
Next Story