പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ ദേശീയ മുദ്ര; പ്രധാനമന്ത്രിയുടെ അനാച്ഛാദനത്തിനെതിരെ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിനു മേൽ ദേശീയ മുദ്ര പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.ലോക്സഭ സ്പീക്കർ ഓം ബിർലയുടെ സാന്നിധ്യത്തിൽ പൂജാരിയുടെ കാർമികത്വത്തിൽ പൂജയോടു കൂടിയായിരുന്നു അനാച്ഛാദനം. സർക്കാറുമായി ബന്ധമില്ലാത്ത പാർലമെന്‍റിന്‍റെ ചടങ്ങിൽ പ്രതിപക്ഷത്തുനിന്ന് ആരെയും വിളിക്കാതെ നടത്തിയതിനെതിരെ കോൺഗ്രസും പൂജ നടത്തി ഭരണഘടനാ വിരുദ്ധമായി ചടങ്ങ് നടത്തിയതിനെതിരെ സി.പി.എമ്മും രംഗത്തുവന്നു. ആറര മീറ്റർ ഉയരത്തിൽ ഓടിൽ നിർമിച്ച 9500 കിലോ ഭാരമുള്ള മുദ്രയുടെ ബലത്തിനായി 6500 കിലോ ഭാരമുള്ള ഫ്രെയിമുമുണ്ട്.
രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ്, പാർലമെന്‍ററി കാര്യ മന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ഹർദീപ് സിങ് പുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പാർലമെന്‍റ് പണിയുന്ന തൊഴിലാളികളോടും മോദി സംസാരിച്ചു. അതേസമയം, പ്രതിപക്ഷത്തുനിന്ന് ഒരാളെപ്പോലും പങ്കെടുപ്പിക്കാതെ പാർലമെന്‍റിന്‍റെ ചടങ്ങ് നടത്തിയത് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ചോദ്യം ചെയ്തു. പാർലമെന്‍റ് മന്ദിരത്തിലെ ദേശീയമുദ്ര പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനലംഘനമാണെന്ന് സി.പി.എം കുറ്റപ്പെടുത്തി.
സർക്കാറിനെയും നിയമനിർമാണ സഭയെയും ജുഡീഷ്യറിയെയും ഭരണഘടന കൃത്യമായി വേർതിരിച്ചതാണെന്നും പ്രധാനമന്ത്രി സർക്കാർ തലവനാണെന്നും സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി. തദവസരത്തിൽ പ്രധാനമന്ത്രി പൂജ നടത്തിയതും സി.പി.എം ചോദ്യം ചെയ്തു. ഭരണകൂടം ഒരു മതമോ വിശ്വാസമോ അനുഷ്ഠിക്കരുതെന്നാണ് ഭരണഘടന പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം ലോക്സഭ സ്പീക്കറായിരുന്നു ഭരണഘടനപരമായി മുദ്ര അനാച്ഛാദനം ചെയ്യേണ്ടതെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു.
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 1250 കോടി രൂപ ചെലവിൽ നാല് നിലകളിലായി പണിയുന്ന പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം ഒക്ടോബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ശീതകാല സമ്മേളനം പുതിയ പാർലമെന്‍റിലായിരിക്കുമെന്ന് സ്പീക്കർ ഓം ബിർലയും നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

