മോദി 12, 13 തീയതികളിൽ യു.എസ് സന്ദർശിക്കും; ട്രംപുമായി കൂടിക്കാഴ്ച നടത്തും
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം 12, 13 തീയതികളിൽ യു.എസ് സന്ദർശിക്കും. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ട്രംപ് രണ്ടാംതവണ പ്രസിഡന്റായശേഷം മോദിയുടെ ആദ്യ യു.എസ് സന്ദര്‍ശനമാണിത്.
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുവെച്ച് സൈനിക വിമാനത്തിൽ രാജ്യത്തേക്ക് തിരിച്ചയച്ചത് വലിയ വിവാദമായിരിക്കെയാണ് മോദിയുടെ അമേരിക്കൻ സന്ദർശമെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി 10 മുതല്‍ 12 വരെ ഫ്രാൻസിൽ നടക്കുന്ന നിർമിതബുദ്ധി ഉച്ചകോടിയിൽ പങ്കെടുത്തശേഷമാണ് മോദി യു.എസിലേക്ക് യാത്ര തിരിക്കുക. ട്രംപിന്‍റെ സ്ഥാനാരോഹണത്തിനുശേഷം അമേരിക്ക സന്ദർശിക്കുന്ന ആദ്യ ലോക നേതാക്കളിലൊരാളാണ് മോദിയെന്നും വിദേശകാര്യ വകുപ്പ് വിളിച്ചുചേർത്ത പ്രത്യേക വാർത്തസമ്മേളനത്തിൽ മിസ്രി പറഞ്ഞു.
മോദിയെ ട്രംപ് യു.എസിലേക്ക് ക്ഷണിച്ചതായി കഴിഞ്ഞദിവസം വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. നേരത്തെ, പ്രസിഡന്‍റായി അധികാരമേറ്റതിനു പിന്നാലെ ട്രംപിനെ ഫോണിൽ വിളിച്ച് മോദി അഭിനന്ദനം അറിയിച്ചിരുന്നു. നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യത്തില്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതിത്തീരുവ സംബന്ധിച്ച് ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയാണ് മോദിയുടെ സന്ദര്‍ശനം.
അതേസമയം, അമേരിക്കയില്‍ കഴിയുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ് അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 ഇന്ത്യക്കാരുമായുള്ള യു.എസ് സൈനിക വിമാനം കഴിഞ്ഞ അഞ്ചിനാണ് അമൃത്സറില്‍ ഇറങ്ങിയത്.
ഇവരില്‍ ഭൂരിഭാഗവും ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. തിരിച്ചയക്കപ്പെട്ടവരുടെ കൈകളില്‍ വിലങ്ങും കാലില്‍ ചങ്ങലയും അണിയിപ്പിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

